അടൂർ : സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ഒാൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വാങ്ങിനൽകാൻ ബിരിയാണി ചലഞ്ച് നടത്തി മാരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പി. ടി. എ കമ്മിറ്റി. നാട്ടുകാരുടെ പൂർണ സഹകരണം ലഭിച്ചതോടെ പദ്ധതി വൻ വിജയമായി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിക്ക വിദ്യാർത്ഥികൾക്കും പലഘട്ടങ്ങളിലായി സ്മാർട്ട് ഫോണുകൾ ലഭ്യമാക്കി. അർഹ‌ർക്ക് ഇനിയും ഫോണുകൾ നൽകും. ബിരിയാണി ചലഞ്ചിലൂടെ 750ഒാളം ഒാർഡറാണ് ലഭിച്ചത്. ഇതുവഴി 36,000 രൂപ ലാഭമായി ലഭിച്ചു. ആ തുക ഉപയോഗിച്ച് അഞ്ച് വിദ്യാർത്ഥികൾക്ക് 7850രൂപ വിലവരുന്ന സ്മാർട്ട് ഫോണുകൾ കടയുടമയുടെ സൗമനസ്യത്താൽ 7300 രൂപയ്ക്ക് ലഭ്യമാക്കി. മാതൃശേരി വിജയൻ രണ്ട് ഫോണുകൾ സംഭാവനചെയ്തു. . സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർമാരും പൂർവവിദ്യാർത്ഥികളും സഹായവുമായി എത്തി. പി. ടി. എ പ്രസിഡന്റ് മിനി പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പാക്കിയത് . ഉണ്ണികൃഷ്ണൻ, രാജീവ്, കേരളകൗമുദി മാരൂർ ഏജന്റ് രണജിത്ത് കൊടിയിൽ, ബിന്ദു അനീഷ്, ബിന്ദു അഭിലാഷ്, സുജാ രാജേഷ്, ദിവ്യ അനിൽ, ശ്രീജ സജി തുടങ്ങിയവരും നേതൃത്വം നൽകി. സഹപാഠികളെ സഹായിക്കാൻ ബാലസഭ കുട്ടികളും സന്നദ്ധരായി. ഹെഡ്മിസ്ട്രസ് ജെസി ഫിലിപ്പ് ഫോണുകൾ വിതരണം ചെയ്തു.