road

തിരുവല്ല: കനത്തമഴയെ തുടർന്ന് അപ്പർകുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ റോഡുകൾ വെള്ളക്കെട്ടിലായി. വ്യാഴാഴ്ച രാത്രിമുതൽ ഇന്നലെ ഉച്ചവരെ പെയ്ത മഴയാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. മിക്ക റോഡുകളിലും മഴവെള്ളം ഒഴുകിപ്പോകാനാകാതെ കെട്ടിക്കിടക്കുകയാണ്. കാവുംഭാഗം - പെരിങ്ങര - ചാത്തങ്കരി റോഡ്, അഴിയിടത്തുചിറ - മേപ്രാൽ റോഡ്, പൊടിയാടി - പെരിങ്ങര - സ്വാമിപാലം, കടപ്ര - വീയപുരം ലിങ്ക് ഹൈവേ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞു. അപ്പർകുട്ടനാടൻ മേഖലകളിൽ വികസനത്തിന്റെ പേരിൽ അശാസ്ത്രീയ നിർമ്മാണങ്ങൾ നടത്തിയതിന്റെ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് പ്രദേശവാസികൾ. മണ്ണിട്ടുയർത്തി നിർമ്മിച്ച റോഡുകളും പാലങ്ങളും മറ്റു നിർമ്മാണങ്ങളുമെല്ലാം വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തി. മഴവെള്ളം പ്രദേശത്തിന്റെ പലഭാഗങ്ങളിലും ഒഴുകി മാറാതെ കെട്ടിക്കിടക്കുന്നുണ്ട്. ചെറിയമഴ പെയ്താൽപോലും പഞ്ചായത്ത് ഓഫീസിലും മുന്നിലെ റോഡിലും വെള്ളക്കെട്ടായിരുന്നു. പെരിങ്ങര ജംഗ്‌ഷനിലും പഞ്ചായത്ത് ഓഫീസിന് മുന്നിലും അടുത്തകാലത്ത് ക്വാറി മണ്ണിട്ട് ഉയർത്തിയെങ്കിലും വെള്ളക്കെട്ടിന്റെ രൂക്ഷത തുടരുകയാണ്. പലയിടത്തുനിന്നും ഒഴുകിയെത്തിയ മാലിന്യങ്ങൾ പഞ്ചായത്ത് ഓഫീസിന്റെ എതിർവശത്തെ കുഴിയിൽ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇവിടുത്തെ നിരവധി വാച്ചാലുകളും കൈത്തോടുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. പെരിങ്ങര പഞ്ചായത്ത് നടപടികൾ തുടങ്ങിയെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ പെയ്യുന്നതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയെത്തുടർന്ന് പാടശേഖരങ്ങളും തോടും നിറഞ്ഞു കിടക്കുന്നതും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമാകുന്നു. 2018ലെ പ്രളയത്തെ തുടർന്ന് കുട്ടനാടിനെപ്പോലെ അപ്പർകുട്ടനാടൻ പ്രദേശങ്ങളും മഴക്കാലത്ത് വെള്ളക്കെട്ടിന്റെ നിത്യദുരിതം അനുഭവിക്കുകയാണ്.