മല്ലപ്പള്ളി: അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ അവ സ്വമേധയാ മാറ്റുന്നതിനുള്ള അവസാന തീയതി 15ന് അവസാനിച്ചപ്പോൾ ജില്ലയിൽ ഏറ്റവും കൂടുതൽ എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകൾ തിരിച്ചേൽപ്പിച്ചത് മല്ലപ്പള്ളിക്കാർ. ആകെയുള്ള കാർഡുകളിൽ 3.18 ശതമാനമാണ് അന്ത്യോദയ അന്ന യോജന (എ.എ.വൈ-102), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്-362) നിയമപരമായി മാറ്റിയെടുത്തത്. അടൂർ 2.28%, കോന്നി 2.01%, കോഴഞ്ചേരി 2.25%, റാന്നി 3.03%, തിരുവല്ല 2.46% എന്നിങ്ങനെയാണ് ജില്ലയിലെ കണക്ക്. ഇതിനുപുറമെ അനധികൃതമായി കാർഡുകൾ കൈവശം വച്ചിരുന്ന എൻ.പി.എസ് കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയെടുത്തവരിൽ റാന്നി (3.53%) മുന്നിലും അടൂർ ഏറ്റവും പിന്നിലുമാണ് (1.32%). മറ്റിടങ്ങളിൽ കോന്നി 1.72%, കോഴഞ്ചേരി 1.72%, മല്ലപ്പള്ളി 2.58%, തിരുവല്ല 3.02%. ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. ജൂൺ 30 വരെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും സർക്കാരിന്റെ ഉത്തരവ് കടുപ്പിച്ചതോടെയാണ് ആളുകൾ കൂട്ടത്തോടെ സപ്‌ളെ ഓഫീസുകളിലെത്തി കാർഡുമാറ്റം നടത്തിയത്. പിഴയോ ശിക്ഷയോ ഇല്ലാതെ മുൻഗണനാ കാർഡുകളായ എ.എ.വൈ, പി.എച്ച്.എച്ച് (പിങ്ക്, മഞ്ഞ) ഇനിയും മാറ്റിയെടുക്കാത്തവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മല്ലപ്പള്ളി താലൂക്ക് സപ്‌ളെ ഓഫീസർ ആർ. അഭിമന്യു പറഞ്ഞു. ജില്ലയിൽ ആകെയുള്ള 132276 എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകളിൽ 3252 കാർഡുകളും (2.46%), ആകെയുള്ള 97345 നോൺ പ്രയോറിറ്റി സബ്‌സിഡി (എൻ.പി.എസ്) കാർഡുകളിൽ 2210 കാർഡുകളും (2.27%) കാർഡുകൾ മാത്രമാണ് മുൻഗണന മാറ്റിയെടുത്തത്. ശക്തമായ പരിശോധന നടത്തിയാൽ ഇനിയും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താൻ സാധിക്കുമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. മുൻഗണാനാ കാർഡുകൾ കൈവശം വച്ചിരിക്കുന്ന സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖലാ / സഹകരണ മേഖല ഉദ്യോഗസ്ഥർ, പെൻഷണർ, ആദായ നികുതി അടയ്ക്കുന്നവർ, മാസം 25000 രൂപയിലധികം വരുമാനം, ആയിരം ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, ഏക ഉപജീവന മാർഗമായ ടാക്‌സി ഒഴികെയുള്ള നാലു ചക്ര വാഹനം എന്നിവയുള്ളവരെയാണ് മുൻഗണനയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതെങ്കിലും പലരും തന്ത്രപൂർവ്വം ഇത്തരം ആളുകളുടെ പേരുകൾ വെട്ടിക്കുറച്ച് കാർഡുകൾ നിലനിറുത്തിയിട്ടുള്ളതായും സൂചനയുണ്ട്. .