പത്തനംതിട്ട : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും നഗരത്തിൽ തിരക്കോടുതിരക്ക്. മൂന്നാം തരംഗം തൊട്ടടുത്തുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് കർശനമുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ ഇത് അവഗണിച്ച് നിരത്തിലിറങ്ങുകയാണ്. കൂടുതൽ ഇളവുകൾ വന്നതോടെ ജനം സകല നിയന്ത്രണങ്ങളും തെറ്റിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടായിട്ടും പത്തനംതിട്ട നഗരത്തിൽ മിക്ക ദിവസവും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പരിശോധനകൾ പഴയതുപോലെ ഇല്ല. ഇന്നലെ കടകൾ തുറന്നതിനാൽ വലിയ തിരക്കായിരുന്നു. സാമൂഹിക അകലവും പേരിന് മാത്രമായി. ശനി, ഞായർ ദിവസങ്ങിലെ ലോക്ക് ഡൗൺ കാരണമാണ് തിരക്ക് വർദ്ധിക്കുന്നത്. പച്ചക്കറി, മത്സ്യ മാംസ മാർക്കറ്റുകളിലും ബാങ്കുകളിലും തുണിക്കടകളിലുമൊക്കെ നല്ല തിരക്കുണ്ടായിരുന്നു. അടുത്തയാഴ്ച ബക്രീദ് ആയതും തിരക്കിന് ഇടയാക്കിയിട്ടുണ്ട്. പലരും സ്വന്തം വാഹനങ്ങളുമായാണ് ഇറങ്ങുന്നത്. നഗരത്തിൽ പ്രധാന റോഡുകളുടെ ഇരുവശത്തും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ രൂക്ഷമായ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. സെൻട്രൽ ജംഗ്ഷൻ, ടി. കെ റോഡ് എന്നിവിടങ്ങളിൽ വാഹനക്കുരുക്ക് അനുഭവപ്പെട്ടു.
പിടിവിടാതെ കൊവിഡ്
കൊവിഡ് വ്യാപനത്തിന് ജില്ലയിൽ ഇതുവരെയും കാര്യമായ കുറവ് വന്നിട്ടില്ല . കഴിഞ്ഞ ദിവസങ്ങളിൽ പ്രതി ദിന കൊവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിലായിരുന്നു. കൂടുതൽപേരെ പരിശോധിക്കാൻ തുടങ്ങിയതോടെ കൊവിഡ് രോഗികളുടെ എണ്ണവും വർദ്ധിക്കാനാണ് സാദ്ധ്യത. ടി.പി.ആർ അടിസ്ഥാനത്തിൽ ചില പഞ്ചായത്തുകളിൽ ലോക്ക് ഡൗണും നിലനിൽക്കുന്നു. കൂടാതെ കൊതുക് സാന്ദ്രത ജില്ലയിലെങ്ങും വർദ്ധിച്ചതും മറ്റൊരു ഭീഷണിയായിട്ടുണ്ട്. ഇതോടെ സിക്ക രോഗ ഭീഷണിയും ജില്ലയിൽ നിലനിൽക്കുന്നുണ്ട്. ജാഗ്രതാ നിർദ്ദേശവും ആരോഗ്യ വകുപ്പ് നൽകിയിരിക്കയാണ്. ജില്ലാ ആസ്ഥാനത്തെ ചില വാർഡുകൾ കൊതുക് സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു . കൂടാതെ ഡെങ്കിപ്പനിയും ജില്ലയുടെ പല ഭാഗത്തു റിപ്പോർട്ട് ചെയ്യുന്നുണ്ട്.