mahesh
അറസ്റ്റിലായ മഹേഷ്

പത്തനംതിട്ട: എഴുപത്തഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓമല്ലൂർ പറയനാലി അണ്ണാ വാതുക്കൽ മഹേഷിനെ(25) പൊലീസ് അറസ്റ്റുചെയ്തു.
15ന് രാത്രി 9മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീടിന്റെ ഓടിളക്കി അകത്ത് കടന്നാണ് ആക്രമണം നടത്തിയത്. ബലപ്രയോഗത്തിനിടയിൽ വൃദ്ധയുടെ മൂക്കും വായും കൂട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചെങ്കിലും പ്രതിയുടെ കൈയിൽ കടിച്ചതിനെ തുടർന്ന് ഇയാൾ പിടിവിട്ട് ഓടി. ഇതിനിടയിൽ ഇയാളുടെ കൈലിയും മൊബെൽ ഫോണും നഷ്ടപ്പെട്ടിരുന്നു. ഇതെടുക്കാൻ തിരിച്ചെത്തിയപ്പോൾ വൃദ്ധയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും പ്രതിയെ കസ്റ്റഡിയിൽ എടുത്തില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് സ്വകാര്യ വാഹനത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. ഇൻസ്പെക്ടർ അലീനയുടെ നേതൃത്വത്തിൽ പത്തനംതിട്ട പൊലീസെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു
കഴിഞ്ഞ ലോക്ക് ഡൗണിൽ വ്യാജചാരായ കേസിൽ മഹേഷിനെ അറസ്റ്റു ചെയ്തിരുന്നു. പത്തനംതിട്ട സപ്ലൈകോ കുത്തിത്തുറന്ന് വിദേശ മദ്യം മോഷ്ടിച്ച കേസിൽ പിടിക്കപ്പെടുകയും പതിനായിരം രൂപ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ നാട്ടുകാർ പിടികൂടിയെങ്കിലും രാഷ്ട്രീയ നേതൃത്വം ഇടപെട്ട് കേസ് ഒതുക്കിയതായി ആക്ഷേപമുണ്ട്.