nandana
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നന്ദനയെ അജയകുമാർ വല്യുഴത്തിലിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു

പത്തനംതിട്ട : നന്ദന എന്ന മിടുക്കിക്ക് ജന്മനാ വലതു കൈയും ഇരുകാലുകളുമില്ല. എന്നിട്ടും അവളുടെ ഇച്ഛാശക്തി വിജയിച്ചു. ഇടതുകൈ കൊണ്ട് എസ്.എസ്.എൽ.സി പരീക്ഷ എഴുതി എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

നന്ദനയ്ക്ക് ഇനി പഠിച്ച് വളരണം, ഐ.എ.എസുകാരിയാകണം. തട്ടയിൽ പാറക്കര കൃഷ്ണഭവനിൽ ടി.കെ. അനന്തകൃഷ്ണന്റെയും എൽ. മായയുടെയും ഏക മകളാണ് നന്ദന. സിവിൽ സർവീസ് അവൾ സ്വപ്നം കാണുന്നു. അത്രത്തോളമെത്തിക്കാൻ കൂലിപ്പണിക്കാരനായ പിതാവിന് കഴിയില്ല. നന്ദനയുടെ ആഗ്രഹം കേട്ടറിഞ്ഞ് തുടർ പഠനത്തിന്റെ മുഴുവൻ ചെലവും എഴുമറ്റൂർ അമൃതധാര ഗോശാല ഉടമ അജയകുമാർ വല്യുഴത്തിൽ ഏറ്റെടുത്തു.

നന്ദന ഏതുവരെ പഠിക്കുന്നോ അതുവരെയുള്ള ചെലവ് വഹിക്കാൻ തയാറാണെന്ന് അജയകുമാർ പറഞ്ഞു. നന്ദനയുടെ വീട്ടിലെത്തിയ അജയകുമാർ മകളുടെ പഠനച്ചെലവ് താനേറ്റെടുക്കുകയാണെന്ന് മാതാവ് മായയെ അറിയിച്ചു.
ഭിന്നശേഷിയുള്ള കുഞ്ഞാണെന്ന തോന്നൽ ഒരിക്കലുമുണ്ടാകാത്ത തരത്തിലാണ് മായ മകളെ വളർത്തിയത്. ചെറു ക്ലാസുകളിൽ അവളെ ഒക്കത്തെടുത്ത് സ്‌കൂളിലാക്കുകയും തിരികെ കൊണ്ടു വരികയും ചെയ്തിരുന്നു. മുതിർന്നപ്പോൾ സ്‌കൂളിൽ പോക്ക് ഓട്ടോയിലാക്കി. തട്ടയിൽ എൻ.എസ്.എസ് എച്ച്.എസ്.എസിൽ നിന്നാണ് പത്താം ക്ലാസ് പരീക്ഷ പാസായത്.

ചിത്രകാരിയാണ് നന്ദന. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ വരച്ചു തുടങ്ങി. പരിശീലനം കിട്ടിയിട്ടില്ല. കുറച്ചു നാൾ കീ ബോർഡ് വായിക്കാൻ പഠിച്ചു. ഇഷ്‌ടപ്പെട്ട വിഷയം ചരിത്രമാണെന്ന് നന്ദന പറയുന്നു.

അജയകുമാർ വല്യുഴത്തിൽ നന്ദനയെ പൊന്നാടയണിയിച്ച് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സന്തോഷ് കുമാർ, പന്തളം തെക്കേക്കര പാറക്കര വാർഡ് അംഗം സി.എസ്. ശ്രീകല, ആർ.എസ്.എസ് ജില്ലാ ഭാരവാഹി ഹരികൃഷ്ണൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം തട്ടയിൽ, ഷിബു എം.എൻ മണിവിള, മഹിളാ മോർച്ച നേതാക്കളായ ഗംഗാ വിനോദ്, ശോഭ എന്നിവർ സംബന്ധിച്ചു.

എെ.എ.എസ് നേടാൻ മോഹം,

പഠനച്ചെലവ് അജയകുമാർ വല്യുഴത്തിൽ ഏറ്റെടുത്തു