പത്തനംതിട്ട: ട്രാവൻകൂർ സ്പിരിറ്റ് മോഷണ കേസിലെ പ്രതികളായ മുൻ ജനറൽ മാനേജരടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി. മുൻ ജനറൽ മാനേജർ അലക്‌സ് പി. എബ്രഹാം, പേഴ്‌സണൽ മാനേജർ യു. ഷാഹീം എന്നിവരുടെ ജാമ്യ ഹർജികളാണ് കോടതി തള്ളിയത്. പ്രതികൾ കുറ്റക്കാരാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം പൂർത്തിയായിരുന്നു.
ട്രാവൻകൂർ ഷുഗേഴ്‌സും മദ്ധ്യപ്രദേശിലെ സ്പിരിറ്റ് കമ്പനിയുമായാണ് കരാർ ഉണ്ടാക്കിയിരിക്കുന്നതെന്നും സ്പിരിറ്റിൽ കുറവുണ്ടായതിന്റെ ഉത്തരവാദിത്വം വിതരണം ചെയ്യുന്ന കമ്പനിക്കാണെന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. എന്നാൽ ഗൂഢാലോചന നടന്നത് തിരുവല്ലയിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കമ്പനിയുമായി നടത്തിയ കരാർ പ്രതികൾ നടത്തിയ കുറ്റവുമായി ബന്ധപ്പെടുത്താൻ കഴിയില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ എ.സി. ഈപ്പൻ ഹാജരായി. അതേസമയം പൊലീസ് മദ്ധ്യപ്രദേശിൽ അന്വേഷണം തുടരുകയാണ്. മോഷ്ടിച്ച സ്പിരിറ്റ് വാങ്ങുന്ന സംഘത്തിനായി മഹാരാഷ്ട്രയിലേക്കും അന്വേഷണം വ്യാപിപ്പിക്കും.