റാന്നി:അയിരൂർ, എഴുമറ്റൂർ ഗ്രാമപഞ്ചായത്തുകളിൽ തിങ്കളാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് സംസ്ഥാന സർക്കാർ സമയബന്ധിതമായി സഹായം എത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചുഴലിക്കാറ്റ് വീശിയ സ്ഥലങ്ങളിലെ കൃഷിനാശം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട് പഞ്ചായത്തുകളിലെയും ഏക്കറ് കണക്കിന് സ്ഥലങ്ങളിൽ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കും. ആളപായമുണ്ടായില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. റവന്യൂ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ടീമിനെ നിയമിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ നിർദേശങ്ങളും പരാതികളും സ്വീകരിക്കും. . അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം(എഐഎംഎസ്) പോർട്ടലിൽ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്യണം. ഇതിലൂടെ പരിഹാരം വേഗത്തിൽ കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, മുൻ എംഎൽഎമാരായ രാജു എബ്രഹാം, എ. പദ്മകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അനിതാ കുറുപ്പ്, ശോഭാ മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി മാത്യു, സാറ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണി പ്ലാച്ചേരി, വി. പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, തിരുവല്ല ആർഡിഒ ബി. രാധാകൃഷ്ണൻ, തഹസീൽദാർമാരായ നവീൻ ബാബു, എം.ടി. ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.