ചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയിലും റെയിൽവേയിലും ജോലി വാഗ്ദാനം
ചെയ്ത് പണം തട്ടിയ കേസിൽ അന്വേഷണം പൊലീസ് ഊർജിതമാക്കി .പ്രതികളിൽ ഒരാളായ ലെനിൻ മാത്യുവിനായി തെരച്ചിൽ തുടരുന്നു. മറ്റു പ്രതികളായ മുൻ ബി.ജെ.പി. നേതാവ് മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ.നായർ,
ബുധനൂർ താഴുവേലിൽ രാജേഷ് കുമാർ എന്നിവർ വ്യാഴാഴ്ച കീഴടങ്ങിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കർണാടകയിലേക്ക് തിരിച്ചു. എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യുവിനെ എഫ്.സി.ഐ. കേന്ദ്ര ബോർഡംഗമെന്ന നിലയിൽ ഉദ്യോഗാർത്ഥികൾക്കു
പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എഫ്.സി.ഐ.യുടെ ബോർഡ് വച്ച കാറിൽ സഞ്ചരിച്ചാണ് ഉദ്യോഗാർത്ഥികളെ സമീപിച്ചത്. മുൻ അംഗമായിരുന്ന ലെനിൻ കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക ബോർഡ് ഉപയോഗിച്ചു തട്ടിപ്പ്
നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
ആറു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10 മുതൽ 35 ലക്ഷം രൂപ വരെ കൈപ്പറ്റിയതായി
പരാതിയുണ്ട്. സനുവിന്റെ കാർ ഒരാഴ്ച മുൻപ് പൊലീസ് പിടിച്ചെടുത്തിരുന്നു.
11 പരാതിക്കാരിൽ നിന്നായി 1.85 കോടി രൂപ പ്രതികൾ തട്ടിയെടുത്തതായി ചെങ്ങന്നൂർ ഇൻസ്‌പെക്ടർ ജോസ് മാത്യു പറഞ്ഞു.