naranammoozhi-anjukuzhi-
തകർന്നു കിടക്കുന്ന നാറാണംമൂഴി അഞ്ചുകുഴി റോഡ്

റാന്നി : നാറാണംമൂഴി- അഞ്ചുകുഴി റോഡ് തകർന്നിട്ട് നാളുകൾ. അധികൃതരുടെ അനാസ്ഥയെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് തകർന്നതോടെ റാന്നിയിൽ നിന്നും നാറാണംമൂഴി മുക്കം ഭാഗത്തു എത്താനുള്ള എളുപ്പവഴിയാണ് നഷ്ടമാകുന്നത്. ചെത്തോങ്കര–അത്തിക്കയം റോഡിലെ അഞ്ചുകുഴിയിൽ നിന്ന് ആരംഭിച്ച് മൂങ്ങാപ്പാറ വഴി നാറാണംമൂഴിയിൽ സംഗമിക്കുന്ന റോഡിന്റെ പലഭാഗങ്ങളിലും ടാറിംഗ് ഇളകി മെറ്റൽ ഒലിച്ചു പോയ നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണിയോ റീ ടാറിംഗോ നടത്താത്തതാണ് റോഡിന് ഈ ദുരവസ്ഥ ഉണ്ടാക്കിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നാറാണംമൂഴി -മുക്കം പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് വേഗത്തിൽ റാന്നിയിലെത്താൻ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന റോഡാണ് ഈ അവസ്ഥയിലായത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ ഇരുചക്ര വാഹനങ്ങളിലും, ഓട്ടോയിലുമുള്ള യാത്ര ഏറെ ദുഷ്കരമാണ്. ഈ മേഖലയിലേക്കുള്ള ആദ്യ റോഡാണ് ഇത്. മുൻകാലങ്ങളിൽ ബസ് സർവീസ് ഉൾപ്പടെ നടത്തിയിരുന്ന ഈ റോഡ് എത്രയും വേഗം അറ്രകുറ്റപ്പണി നടത്തെണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിൽ വലിയ കുഴികൾ

റോഡിന്റെ ഏറെ ഭാഗവും കടന്നു പോകുന്നത് റിസർവ് വനത്തിലൂടെയാണ് അതുകൊണ്ട് തന്നെ ഇതുവഴിയുള്ള യാത്ര ഭംഗിയുള്ള അനുഭവം കൂടിയാണ്. വനാതിർത്തി മുതൽ നാറാണംമൂഴി വരെ ടാറിന്റെ അംശം റോഡിൽ ശേഷിച്ചിട്ടില്ല. നിറയെ കുഴികളാണ്. മെറ്റലുകൾ ചിതറിക്കിടക്കുന്നു. റോഡിന്റെ മദ്ധ്യ ഭാഗത്ത് കാട്ടുകല്ലുകൾ തെളിഞ്ഞിരിക്കുകയാണ്. റോഡ് പൂർണമായി ടാറിംഗ് നടത്തിയിട്ടില്ല. പാതി ഭാഗത്ത് കുഴിയടക്കുമ്പോൾ ബാക്കി ടാറിംഗ് നടത്തും. വനത്തിലെ മരങ്ങളിൽ നിന്ന് മഴ വെള്ളം ശക്തിയായി വീഴുമ്പോൾ ടാറിംഗ് പൊളിയുകയാണ് പതിവ്. ഉന്നത നിലവാരത്തിൽ റോഡ് പുനർനിർമ്മിക്കണമെന്നാണ് നാറാണംമൂഴി നിവാസികളുടെ ആവശ്യം.

-----------------

നാറാണംമൂഴി നിവാസികൾക്ക് പുറമെ അത്തിക്കയം , പെരുനാട്, കുടമുരുട്ടി മേഖലയിൽ ഉള്ളവരും ഒരുകാലത്ത് യാത്രക്ക് തിരഞ്ഞെടുത്തിരുന്നു പ്രധാന പാതകൂടി ആയിരുന്ന നാറാണംമൂഴി അഞ്ചുകുഴി റോഡ്. അധികൃതർ ഇടപെട്ട് റോഡിന്റെ ദുരവസ്ഥക്ക് ഉടൻതന്നെ പരിഹാരം കാണണം.

ഷിബിൻ രാജ്

(പൊതു പ്രവർത്തകൻ)​