അരുവാപ്പുലം: വനാന്തരഗ്രാമമായ കൊക്കാത്തോട്ടിലെ കാഞ്ഞിരപ്പാറ പട്ടികജാതി കോളനിയിലെ ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ അപരാപ്തത മൂലം ബുദ്ധിമുട്ടുന്നതായി പരാതി. അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന കോളനി വനമേഖലയോട് ചേർന്ന് കിടക്കുകയാണ്. വിവിധ ഫണ്ടുകൾ മുഖേന കോളനി വികസനത്തിന് പണം അനുവദിക്കാറുണ്ടെങ്കിലും അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുന്നില്ല. 42 കുടുംബങ്ങളാണ് കോളനിയിലുള്ളത് വനമേഖലയോട് ചേർന്ന് കിടക്കുന്ന ഇവിടെ വന്യമൃഗശല്യം രൂക്ഷമാണ്. വനാതിർത്തിയിൽ സൗരോർജവേലികൾ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. രാത്രിയിലും പകലും ഇവിടെ വന്യമൃഗശല്യം രൂക്ഷമാണ്. കാട്ടാന, കാട്ടുപോത്ത്, കടുവ, പുലി, കേഴ, മ്ലാവ്, തുടങ്ങിയ വന്യജീവികളുടെ ശല്യം ഇവിടെയുണ്ട്. കോളനിയിലേക്ക് പോകുന്ന റോഡ് ഉരുൾപൊട്ടലിൽ നശിച്ചു അപകടഭീഷണിയിലാണ്. മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശംകൂടിയാണിത്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടും ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലന്നു കോളനിവാസികൾ പറയുന്നു. വർഷങ്ങൾക്കു മുൻപ് ഇവിടെ നിർമ്മിച്ച കമ്യൂണിറ്റി ഹാൾ നാശാവസ്ഥയിലാണ്. പ്രദേശത്തെ വഴി വിളക്കുകൾ പലപ്പോഴും പ്രകാശിക്കാറില്ല. ഇവിടുത്തെ അടിസ്ഥാന പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചു വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് കോളനി നിവാസികൾ.