mobile
പുറമറ്റത്തെ ബ്രസീൽ, അർജന്റീന ഫുട്‌ബാൾ ആരാധകർ നടത്തി​യ പന്തയത്തെ തുടർന്ന് ലഭി​ച്ച പണം മുടക്കി​വാങ്ങിയ സ്മാർട്ട് ഫോണുകൾ ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു നിർദ്ധന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി​ മാത്യു ടി. തോമസ് എം.എൽ.എയ്ക്ക് കൈമാറുന്നു

കോഴഞ്ചേരി: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ആരു ജയിക്കുമെന്ന് ഫാൻസുകാരുടെ പന്തയംവയ്പു നിർദ്ധന വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണത്തിൽ കലാശിച്ചു.

പഠന സൗകര്യമില്ലാതിരുന്ന കുട്ടികൾക്ക് ഫുട്ബാൾ ആരാധകരിൽ നിന്ന് ലഭിച്ചത് ആറ് സ്മാർട്ട് ഫോൺ. പുറമറ്റത്തെ ബ്രസീൽ, അർജന്റീന ആരാധക സംഘത്തിന്റെ പന്തയപ്പണമാണ് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ ലഭിക്കുന്നതിനുള്ള ഭാഗ്യമായി മാറിയത്. അർജന്റീന പരാജയപ്പെട്ടാൽ പാവപ്പെട്ട ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് ഒരു ഫോൺ ജില്ലാ പഞ്ചായത്തംഗം ജിജി മാത്യുവിനെ ഏൽപ്പിക്കുമെന്നായിരുന്നു അർജന്റീന ഫാൻസ് മുന്നോട്ടുവച്ച പന്തയം. ബ്രസീൽ ആരാധകരും ഇത് ഏറ്റുപിടിച്ചു.

ബ്രസീലിന്റെ കട്ട ആരാധകൻ ബിനോ വി. എബ്രഹാം വെല്ലുവിളി ഉയർത്തി. ഫുട്ബാൾ മത്സരം ആരംഭിച്ച് ആവേശം അണപൊട്ടിയതോടെ പന്തയത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണവും പെരുകി.

ബ്രസീൽ തോറ്റതോടെ അർജന്റീന ഫാൻസിന്റെ ആവേശവും ഇരട്ടിച്ചു. ഒന്നിന് പകരം ആറ് ഫോണിനുള്ള 42,800 രൂപ പന്തയ സംഘം ഫൈനൽ ദിവസം സമാഹരിച്ചു. കുട്ടികൾക്കുള്ള സഹായമായതിനാൽ 'ഇരു ടീമുകളും ' മത്സരത്തിലെ വീറുംവാശിയും തുക സമാഹരിക്കുന്നതിന് വിനിയോഗിക്കുകയായിരുന്നു.

പുറമറ്റത്ത് മേടയിൽ ബിനോ വി. എബ്രഹാമിന്റെ വസതിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മാത്യു ടി.തോമസ് എം.എൽ.എ കുട്ടികൾക്ക് ഫോണുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, ജുബിൻ തോപ്പിൽ, അജിത് പ്രസാദ്, ശോശാമ്മ ജോസഫ്, ഷിജു പി.കുരുവിള, രാജു പുളിമൂട്, ടി.ആർ.രാജേഷ്, സജി മാത്യു, ജാക്സൺ, സിനു ഫിലിപ്പ്, ബിനോജ് ജോൺ എന്നിവർ പങ്കെടുത്തു.