ദശരഥന്റെയും കൗസല്യയുടെയും പുത്രിയാണ് ശാന്ത. ശാന്തയെ അംഗരാജാവായ ലോമപാദർ ദത്തെടുക്കുന്നു. പക്ഷേ അതിനുശേഷം ദീർഘകാലത്തോളം ദശരഥന് പുത്രന്മാരുണ്ടാകുന്നില്ല. പുത്രകാമേഷ്ടി യാഗത്തിന്റെ പ്രസാദമായി ലഭിക്കുന്ന പായസം ദശരഥൻ കൗസല്യക്കും കൈകേയിക്കും നൽകി. അവർ രണ്ടുപേരും അതിൽനിന്ന് ഓരോ ഭാഗം സുമിത്രയ്ക്കും നൽകി. കൗസല്യക്കും കൈകെയിക്കും ഓരോ പുത്രന്മാരും സുമിത്രയ്ക്ക് രണ്ട് പുത്രന്മാരും ജനിച്ചു.

വസിഷ്ഠ മഹർഷി കുട്ടികൾക്ക് നാമകരണം നടത്തി. കൗസല്യയുടെ പുത്രന് രാമൻ എന്നും, കൈകേയിയുടെ പുത്രന് ഭരതൻ എന്നും, സുമിത്രയുടെ പുത്രന്മാർക്ക് ലക്ഷ്മണൻ, ശത്രുഘ്നൻ എന്നും പേരിട്ടു. രമന്തേ അസ്മിൻ ലോകാ: എന്നാണ് രാമൻ എന്ന വാക്കിന്റെ അർത്ഥം. ലോകത്തെ ആനന്ദിപ്പിക്കുന്നവൻ എന്നർത്ഥം.

ബാലന്മാർ വസിഷ്ഠ മഹർഷിയിൽ നിന്ന് വേദശാസ്ത്രങ്ങൾ അഭ്യസിച്ചു.യാഗങ്ങൾ മുടക്കുന്ന രാക്ഷസന്മാരിൽ നിന്ന് രക്ഷിക്കാനായി രാമനെ കൂടെ അയയ്ക്കണം എന്ന അപേക്ഷയുമായി വിശ്വാമിത്ര മഹർഷി അയോദ്ധ്യയിലെത്തി. യാഗങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നു. യാഗം മുടങ്ങിയാൽ അനാവൃഷ്ടി, അതിവൃഷ്ടി തുടങ്ങിയ ആപത്തുകൾ സംഭവിക്കും. രാജധർമ്മം അനുസരിച്ച് ബാലകന്മാരായ രാമലക്ഷ്മണന്മാരെ വിശ്വാമിത്ര മഹർഷിയോടൊപ്പം അയച്ചു.

വനത്തിൽ പ്രവേശിച്ച രാമലക്ഷ്മണന്മാർക്ക് വിശ്വാമിത്രൻ വിശപ്പ്, ദാഹം എന്നിവയെ അകറ്റാൻ വേണ്ടി ബല, അതിബല എന്നീ മന്ത്രങ്ങൾ ഉപദേശിക്കുന്നു.മന്ത്ര സാധനകളിലൂടെ നമ്മുടെ ഇന്ദ്രിയ കാംക്ഷകളെ അകറ്റാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ തത്വം.

താടകയുമായുള്ള യുദ്ധത്തിൽ, താടകയുടെ സഹോദരങ്ങളായ സുബാഹു, മാരീചൻ എന്നിവരിൽ സുബാഹുവിനെ വധിക്കുന്നു. മാരീചനെ തുരത്തുന്നു.താടക, ആഗ്രഹങ്ങളുടെ പ്രതീകമാണ്. ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നതിലൂടെ സുഖദുഃഖങ്ങളെ അതിജീവിക്കാൻ സാധിക്കും.