ഗൗതമ മഹർഷിയുടെ പത്നിയായ അഹല്യയിൽ ആകൃഷ്ടനായ ഇന്ദ്രൻ ഗൗതമന്റെ വേഷത്തിൽ അഹല്യയെ പ്രാപിച്ചു. തന്റെ തന്നെ രൂപത്തിലുള്ള ഒരാൾ ആശ്രമത്തിന് പുറത്തേക്കുവരുന്നത് കണ്ട് ഗൗതമൻ അഹല്യയെ "ശിലയായി തീരട്ടെ " എന്നു ശപിച്ചു. രാമന്റെ പാദസ്പർശമേൽക്കുമ്പോൾ പൂർവരൂപം ലഭിക്കുമെന്ന് ശാപമോക്ഷവും നൽകി. വിശ്വാമിത്രനോടൊപ്പം മിഥിലയിലേക്ക്‌ പോകുന്ന രാമന്റെ പാദസ്പർശത്താൽ അഹല്യയ്ക്ക് ശാപമോക്ഷം ലഭിച്ചു. തെറ്റായ ഒരു കാര്യസാദ്ധ്യത്തിനുവേണ്ടി അതിനേക്കാൾ തെറ്റായ മാർഗം സ്വീകരിക്കുന്നവർക്ക് കഷ്ടതകൾനേരിടേണ്ടി വരുമെന്ന് ഇന്ദ്രനും, അതേപോലെ ബാഹ്യരൂപത്താൽ മറഞ്ഞിരിക്കുന്ന സത്യങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത പക്ഷം അപകടം സംഭവിക്കുമെന്ന് അഹല്യയുടെയും അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അറിഞ്ഞോ അറിയാതെയോപ്രലോഭനങ്ങൾക്ക് വഴിപ്പെട്ടാൽ ഓരോ വ്യക്തിയിലുമുള്ള ചൈതന്യം മാഞ്ഞുപോകും. ചൈതന്യമില്ലാതിരിക്കുന്ന അവസ്ഥയിൽ ഈശ്വരന്റെ സ്പർശം ലഭിക്കുമ്പോൾ ചൈതന്യവത്താകുന്നു. അഹല്യ തന്റെ ചൈതന്യം ഉണർത്തിയ രാമനെ സ്തുതിച്ചുമടങ്ങുന്നു. അവർ മിഥിലയിലേക്കുള്ള യാത്ര തുടർന്നു. ജനകമഹാരാജാവ് വിശ്വാമിത്രനെയും കുമാരന്മാരെയും സ്വീകരിച്ചു. ശൈവചാപം ഖണ്ഡിച്ച് സീതയെ രാമൻ പാണിഗ്രഹണം ചെയ്യുന്നു. പാണിഗ്രഹണത്തിനായി അയോദ്ധ്യയിൽ നിന്ന് ദശരഥമഹാരാജാവ് സപരിവാരം എത്തിയിരുന്നു.

താടകയായ കാമത്തെ വിജയിച്ച് സുഖ ദുഃഖങ്ങൾ ഇല്ലാതെ വിദേഹം(ദേഹബോധം ഇല്ലാത്ത) എന്ന അവസ്ഥയിലേക്ക് കടന്ന രാമൻ തന്റെ കർമ്മം വിജയകരമായി പൂർത്തിയാക്കി ആത്മവിദ്യയാകുന്ന സീതാദേവിയെ സ്വായത്തമാക്കി. അതാണ് ശ്രീരാമസീതാസംഗമം നൽകുന്ന സന്ദേശം.

വിവാഹശേഷം അയോദ്ധ്യയിലേക്ക് മടങ്ങുന്ന ശ്രീരാമനെയും പരിവാരങ്ങളെയും വഴിതടഞ്ഞ പരശുരാമൻ വൈഷ്ണവ ചാപം കുലയ്ക്കുന്നതിനായി വെല്ലുവിളിച്ചു. ശ്രീരാമൻ പരശുരാമനെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും പരശുരാമൻ അയഞ്ഞില്ല. അവസാനംശ്രീരാമൻവില്ല് കുലയ്ക്കുന്നു. പരാജയം സംഭവിച്ച പരശുരാമൻ പിൻവാങ്ങി. ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ടാൽ പരാജയപ്പെട്ട് മടങ്ങേണ്ടി വരും. അതുകൊണ്ട് വേണ്ടതാണോ വേണ്ടാത്തതാണോ എന്ന് ചിന്തിച്ചുമാത്രം ഓരോ കാര്യവും ചെയ്യുക.