കോഴഞ്ചേരി: പുല്ലാട് ജംഗ്ഷനിലെ വെള്ളക്കെട്ട് മാറ്റാൻ നടപടിയില്ല. ചെറിയ ചാറ്റൽ മഴ പെയ്താൽപോലും ജംഗ്ഷനിൽ വെള്ളക്കെട്ടാണ്. ഏഴ് വർഷം മുമ്പ് ഉന്നത നിലവാരത്തിൽ റോഡ് നവീകരിച്ചിട്ടും വെള്ളം ഒഴിഞ്ഞു പോകാതെ റോഡിൽ തന്നെ കെട്ടിക്കിടക്കുകയാണ്. ശാസ്ത്രീയമായ രീതിയിൽ ഓടകൾ നിർമ്മിക്കാത്തതും നവീകരിക്കാത്തതുമാണ് പ്രധാന ജംഗ്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ വെള്ളക്കെട്ടിന് കാരണം. ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസ്, കാത്തിരിപ്പ് കേന്ദ്രം, പ്ലാവിൻ ചുവട് എന്നിവയ്ക്കു സമീപമാണ് വെള്ളക്കെട്ട് കൂടുതൽ ദുരിതമാകുന്നത്. ടി.കെ.റോഡിൽ തിരക്കേറിയ സ്ഥലത്തും വെള്ളക്കെട്ട് പതിവാകുന്നുണ്ട്. പൊലീസ് സ്റ്റേഷൻ റോഡിലും മലിനജലം ജംഗ്ഷനിൽ തീർക്കുന്ന ദുരിതത്തിന് പുറമെയാണ് കോയിപ്രം പൊലീസ് സ്റ്റേഷൻ റോഡിലും ഒഴിയാബാധയായിവെള്ളക്കെട്ട് തുടരുന്നത്. മഴ ശക്തമായാൽ സമീപത്തെ തോട് കവിഞ്ഞെത്തുന്ന വെള്ളമാണ് ഇവിടെ വില്ലൻ. മഴക്കാലത്ത് ഇതുവഴിയുള്ള ഗതാഗതം പോലും മുടങ്ങുന്ന സ്ഥിതിയിലാണ് വെള്ളത്തിന്റെ വരവ്. കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ ദിവസവും ഇവിടെ ഗതാഗത പ്രശ്നമുണ്ടായി. ജംഗ്ഷന് മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന ഇരപ്പൻ തോട്ടിൽ ശക്തമായ മഴയിൽ നിറയുന്ന വെള്ളവും ജംഗ്ഷനിലേക്കാണ് കവിഞ്ഞൊഴുകുന്നത്. ജംഗ്ഷനിൽ വെള്ളക്കെട്ട് യാത്രക്കാരെ മാത്രമല്ല വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ജംഗ്ഷനിലെ വെള്ളക്കെട്ട് വ്യാപാര സ്ഥാപനങ്ങളെയാണ് പ്രധാനമായും ബുദ്ധിമുട്ടിലാക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിൽ കഴിഞ്ഞ ദിവസവും പരാതി നൽകി.
പി.ജി.അനിൽകുമാർ,
ചോയ്സ് ഗിഫ്റ്റ് സെന്റർ,
പുല്ലാട്