അടൂർ : വടക്കടത്തുകാവ് സ്വദേശിയും ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ സുനീഷ് കുമാറിന്റെ സ്പെളെൻഡർ ബൈക്ക് റവന്യൂ ടവറിന് മുന്നിൽ നിന്നും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉളനാട് ചിറക്കരോട്ട് വീട്ടിൽ മോഹനൻ (36) ആണ് അടൂർ പൊലീസ് മോഷ്ടിച്ച ബൈക്കുമായി അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് റവന്യൂ ടവറിന് മുന്നിൽ ബൈക്ക് ലോക്ക് ചെയ്തവെച്ചശേഷം റവന്യൂ ടവറിലുള്ള ഒരു ഓഫീസിൽ പോയി തിരികെ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വിവിധ ഇടങ്ങളിലെ സി. സി. ടി. വി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതിനിടയിലാണ് ഉളനാട് ഭാഗത്ത് ഇയാൾ ബൈക്കിൽ അസ്വാഭാവിക രീതിയിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. അടൂർ പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.