തിരുവല്ല: മന്നൻകരച്ചിറ കാഞ്ഞിരവേലിൽ പാലത്തിന്റെ അവസാനഘട്ട നിർമ്മാണ ജോലികൾ ഇഴയുന്നു. പാലത്തിന്റെ ഇരുവശങ്ങളിലെ അപ്പ്രോച്ച് റോഡിന്റെ ഉൾപ്പെടെയുള്ള പണികളാണ് നീണ്ടുപോകുന്നത്. മഴയും വെള്ളപ്പൊക്കവും ലോക്ക്ഡൗണും കാരണം ഒന്നരവർഷത്തോളം മുടങ്ങിക്കിടന്ന പാലം വീണ്ടും നിർമ്മാണം ആരംഭിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. 11.85 മീറ്റർ നീളത്തിലും 3.3 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതേതുടർന്ന് പൈലുകളും സ്ളാബുകളും കോൺക്രീറ്റ് ചെയ്ത് നിർമ്മാണം വേഗത്തിലായി. എന്നാൽ ജൂൺ മുതൽ വീണ്ടും നിർമ്മാണ ജോലികൾ മുടങ്ങിയിരിക്കുകയാണ്. കാവുംഭാഗം - മുത്തൂർ റോഡിൽ നിന്ന് തുടങ്ങി മന്നൻകരച്ചിറ - കാട്ടൂക്കര റോഡിലൂടെ തിരുവല്ല കെ.എസ്.ആർ.ടി.സി.ബസ് സ്റ്റേഷനു സമീപത്തായി എളുപ്പത്തിൽ എം.സി റോഡിൽ എത്തിച്ചേരാനാകും. നഗരസഭയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഇടുങ്ങിയതും ബലക്ഷയമേറിയതുമായ പാലം പൊളിച്ചു നീക്കിയാണ് പുതിയ പാലം നിർമ്മിക്കാൻ തുടങ്ങിയത്.
വെള്ളപ്പൊക്കവും ലോക്ക് ഡൗണും
2020 മാർച്ചിൽ പാലം പണികൾ പുരോഗമിക്കുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നാലെ വെള്ളപ്പൊക്കവും എത്തിയത് നിർമ്മാണം വൈകിപ്പിച്ചു. എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപയും നഗരസഭാ ഫണ്ടിൽ നിന്ന് അനുവദിച്ച 16 ലക്ഷം രൂപയും വിനിയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. ഇപ്പോൾ ഫണ്ടിന്റെ അപര്യാപ്തതകളും നിർമ്മാണം വൈകാൻ കാരണമായി. പാലത്തിന്റെ അപ്പ്രോച്ച് റോഡ് ഉൾപ്പടെ കോൺക്രീറ്റ് ചെയ്ത് നിർമ്മാണം പൂർത്തിയാക്കാൻ ഫണ്ടിന്റെ കുറവുണ്ട്. ഇതിനായി ഫണ്ട് അനുവദിക്കണമെന്ന് നഗരസഭയിൽ കരാറുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടാകാത്തതും നിർമ്മാണം വൈകിപ്പിക്കുന്നു.
പാലത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നഗരസഭയിൽ ഇടപെടും.
വിജയൻ തലവന
(മുൻസിപ്പൽ കൗൺസിലർ)
-തിരുവല്ല നഗരസഭയിലെ 31, 32 വാർഡുകളെ ബന്ധിപ്പിക്കുന്ന പാലം
--------
-പുതിയ പാലത്തിന് 1.85 മീറ്റർ നീളം
3.3 മീറ്റർ വീതി
-എം.പി ഫണ്ടിൽ നിന്ന് 20 ലക്ഷം
-നഗരസഭാ ഫണ്ടിൽ നിന്ന് 16 ലക്ഷം