തണ്ണിത്തോട്: പ്ലാന്റേഷൻ - തേക്കുതോട് റോഡിന്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി .കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പ്ലാന്റേഷൻ ഭാഗം 4 കിലോമീറ്റർ ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളത് റീമ്പിൽഡ് കേരളാ പദ്ധതിയിലുൾപ്പെടുത്തി 5.05 കോടി മുടക്കിയാണ് പുനർനിർമ്മിക്കുന്നത്.
ബി.എംആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മാണം നടത്തുന്നത്. 5.5 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിൽ പുതിയതായി ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും. റോഡിന്റെ സൈഡ് കെട്ടി സംരക്ഷിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വർഷം ഗ്യാരണ്ടിയോടുകൂടിയാണ് നിർമ്മാണം നടത്തുന്നത്.
പ്ലാന്റേഷൻ റോഡ് അവസാനിക്കുന്നിടത്തു നിന്ന് കരിമാൻതോടുവരെ 2.2 കിലോമീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പും നിർമ്മാണത്തിന് പദ്ധതി തയാറാക്കി പണം അനുവദിച്ച് സാങ്കേതിക അനുമതിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.ഈ ഭാഗവും ബി.എംആൻഡ് ബി.സി നിലവാരത്തിലാണ് നിർമ്മിക്കുന്നത്.