പത്തനംതിട്ട: രണ്ടുദിവസം നടത്തിയ കൊവിഡ് കൂട്ടപ്പരിശോധനയിൽ ആന്റിജൻ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ. ആർ.ടി.പി.സി.ആർ പരിശോധന ഇന്നും നാളെയും അറിയാം. ജില്ലയിൽ സി കാറ്റഗറി രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂട്ട പരിശോധനയിൽ ആന്റിജൻ പോസിറ്റിവിറ്റി കുറയുകയും സി കാറ്റഗറി വർദ്ധിക്കുകയും ചെയ്തതോടെ ആശയകുഴപ്പത്തിലാണ് ആരോഗ്യ വകുപ്പും. കഴിഞ്ഞ ആഴ്ച 120 സി കാറ്റഗറി കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ ആഴ്ച 140 കേസുകളായി അത് ഉയർന്നു. ഇത് രണ്ട് വൈരുദ്ധ്യങ്ങളായതിനാൽ കൊവിഡ് കേസുകൾ വർദ്ധിക്കുകയാണോ കുറയുകയാണോയെന്ന് ഉറപ്പില്ല . ഓരോ സി കാറ്റഗറി രോഗികളിൽ നിന്നും 19കൊവിഡ് രോഗികൾ ഉണ്ടാകാറുണ്ട്. ആർ.ടി.പി.സി.ആർ പരിശോധനയുടെ ഫലം വന്നതിന് ശേഷമേ പൂർണമായ നിഗമനത്തിലെത്താൻ ആരോഗ്യ വകുപ്പിന് കഴിയു.ഐ.സി.യു രോഗികൾ അടക്കം സി കാറ്റഗറിയിൽ ഉൾപ്പെടുന്നവരാണ്. പരിശോധനയ്ക്ക് കൂടുതൽ ആളുകൾ എത്താത്തത് ആരോഗ്യ പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.


മാറിമറിഞ്ഞ് കണക്കുകൾ

ദിവസവും റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾക്ക് സ്ഥിരതയില്ലാത്തതിന്റെ കാരണം മനസിലാവാതെ കുഴയുകയാണ് ആരോഗ്യ വകുപ്പ്. 500 കേസുകൾ റിപ്പോർട്ട് ചെയ്ത അടുത്ത ദിവസം 300 അതിനടുത്ത ദിവസം 500ന് മുകളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ഥിരതയില്ലാതെ കൂടിയും കുറഞ്ഞും വരുന്നതിനാൽ അപകടമാണോയെന്ന് തിരിച്ചറിയാനാകാതെ ബുദ്ധിമുട്ടുകയാണ് ആരോഗ്യ വകുപ്പ്. വാക്‌സിൻ ഒൻപത് ലക്ഷം കടന്നിട്ടുണ്ട് ജില്ലയിൽ.


' കൊവിഡ് കുടുംബത്തിൽ മുഴുവൻ പകരുന്ന സാഹചര്യമുണ്ട്. അത് ഒഴിവാക്കണം. നിർദേശങ്ങൾ പാലിക്കണം. നിലവിലെ സ്ഥിതി പേടിക്കണ്ട ആവശ്യമില്ല. ജാഗ്രത വേണം. കൊവിഡ് കുറച്ച് കൂടി ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. '

ഡോ.എ.എൽ.ഷീജ

ജില്ലാ മെഡിക്കൽ ഓഫീസർ

-രണ്ടു ദിവസങ്ങളിലായി 16512 സ്രവസാമ്പിളുകൾ പരിശോധിച്ചു

ഇതിൽ 543 ആന്റിജൻ കേസുകൾ പോസിറ്റീവായി

-കൂട്ട പരിശോധയിൽ ആദ്യ ദിനം 4.4 %

രണ്ടാം ദിനം 4.5 % പൊസിറ്റിവിറ്റിയും റിപ്പോർട്ട് ചെയ്തു