പന്തളം: കടയ്ക്കാട് - ഉളമയിൽ ചാലുമണ്ണിൽ കലുങ്കിലൂടെയുള്ള ഇരുചക്രവാഹനയാത്രയും കാൽനടയാത്രയും ദുരിതമാകുന്നു. കലുങ്ക് പണി പൂർത്തിയായപ്പോൾ അനുബന്ധ റോഡ് നിർമ്മാണം മുടങ്ങിയതാണ് യാത്രക്കാരെ വലയ്ക്കുന്നത്. 2016-17 വർഷം തുടങ്ങിവെച്ച പദ്ധതിയാണ് അഞ്ച് വർഷമായി നാട്ടുകാർക്കും യാത്രക്കാർക്കും പ്രയോജനമില്ലാതെ കിടക്കുന്നത്. നഷ്ടമായത് 25 ലക്ഷം രൂപയും. പന്തളം നഗരസഭയിലെ കടയ്ക്കാട് എട്ട്, ഒൻപത് വാർഡുകളെ തമ്മിൽബന്ധിപ്പിക്കുന്ന ഉളമയിൽചാലുമണ്ണിൽ കലുങ്ക് പണിത് റോഡും സഞ്ചാരയോഗ്യമാക്കിയാൽ ഈ പ്രദേശത്തുള്ളവർക്ക് ഏരെ പ്രയോജനമാണ്. കടയ്ക്കാട് പള്ളിയിലേക്കും കവലയിലേക്കും വേഗം എത്തിച്ചേരാം, ഉളമയിൽ കോളനിനിവാസികളുൾപ്പെടെയുള്ള 180 കുടുംബങ്ങൾക്ക് യാത്രാസൗകര്യം ലഭിക്കും. ആന്റോ ആന്റണിഎം.പി.ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുക തികയില്ലെന്നായപ്പോൾ പണി ഉപേക്ഷിച്ച് എം.എൽ.എ. ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ മുടക്കി കലുങ്കും അനുബന്ധ റോഡും പണിയുവാനായിരുന്നു പദ്ധതി. തോടിന് സംരക്ഷണ ഭിത്തികെട്ടി കലുങ്ക് പണി കഴിഞ്ഞപ്പോഴാണ് അനുബന്ധ റോഡ് പണിയാൻ വേണ്ടത്ര സ്ഥലമില്ലെന്ന് അറിയുന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലംകൂടി ഉൾപ്പെടുത്തിയാൽ മാത്രമേ അനുബന്ധ റോഡ് പണിയുവാൻ കഴിയുകയുള്ളു. എന്നാൽ അത് വിട്ടുനൽകാൻ സ്ഥലം ഉടമ എതിർത്തതോടെ കരാറുകാരൻ പണി നിറുത്തി മടങ്ങി.
മൂന്നടി വീതിയിൽ യാത്ര
മൂന്നടി വീതിയുള്ള റോഡിലൂടെയാണ് ഇപ്പോൾ നാട്ടുകാരുടെ സർക്കസ് യാത്ര. കണ്ണൊന്ന് തെറ്റിയാൽ ഇരുപതടിയോളം താഴ്ചയുള്ള തോട്ടിലേക്കോ അടുത്തുള്ള പറമ്പിലെ താഴ്ചയിലേക്കോ മറിയും. ഇത്തരത്തിൽ ഉണ്ടായ അപകടങ്ങൾ ഇപ്പോൾ അഞ്ചെണ്ണം കഴിഞ്ഞു. നഗരസഭാ കൗൺസിലർ എച്ച്.സക്കീർ റോഡിന്റെ തുടർ പണിക്കുള്ള നീക്കവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
---------
ഇവിടെയുള്ള ഭൂമി അളന്ന്‌പോരായ്മകൾ പരിഹരിച്ച് റോഡ് നിർമ്മിച്ച് നാട്ടുകാരെ അപകടത്തിൽനിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം.
എച്ച്.സക്കീർ
( പന്തളം നഗരസഭാ കൗൺസിലർ)