1
കനാലിൽ സൈഡിൽ കാട്ടുവളർന്നനിലയിൽ

കടമ്പനാട് : കായംകുളം - പുനലൂർ റോഡിന് സമാന്തരമായി ഉപയോഗിക്കാവുന്ന കനാൽ റോഡ് തകർന്നിട്ട് വർഷങ്ങൾ ആയിട്ടും ശരിയാക്കാൻ നടപടി സ്വീകരിക്കുന്നില്ല. അടൂരിൽ നിന്ന് ആരംഭിച്ച് പഴകുളം കഴിഞ്ഞ് ജില്ലാ അതിർത്തി വരെയുള്ള ഭാഗം വരെയും റോഡ് തകർന്നു കിടക്കുകയാണ്. കനാലിന് ഇരുകകരളിലും താമസിക്കുന്നവരിലേറെയും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കെ.പി. റോഡിൽ ഗതാഗതക്കുരുക്കോ മറ്റ് യാത്രാതടസങ്ങളോ ഉണ്ടായാൽ സമാന്തരമായി പെട്ടെന്ന് ഉപയോഗിക്കാൻ കഴിയുന്നത് ഈ റോഡാണ്.

നിലംപതിക്കാവുന്ന സ്ഥിതിയിൽ കനാൽപ്പാലങ്ങൾ

അടൂർ മുതൽ പഴകുളം വരെ കനാലിന് കുറുകെ 21 മേൽപാലങ്ങളുണ്ട്. 21 എണ്ണവും അപകടാവസ്ഥയിലാണ്. കമ്പി തെളിഞ്ഞ് കൈവരികളും , പാലത്തിന്റെ അടിയിൽ നിന്നുളള കോൺക്രീറ്റുകളും അടർന്നു വീണു കൊണ്ടിരിക്കുകയാണ്. ഈ പാലങ്ങളിൽ കൂടിയാണ് സ്ഥിര താമസമുള്ള ആളുകൾ ഇരു കരകകളും കയറിയിറങ്ങുന്നത്. ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് പാലങ്ങൾ. കനാലിന്റെ ഇര കരകളിലും രണ്ടാൾപ്പൊക്കത്തിൽ കാടുകൾ വളർന്നു നിൽക്കുകയാണ്. കാട്ടുപ്പന്നി ശല്യവുമുണ്ട്. ഇഴജന്തുക്കൾ വേറെ. കനാൽ നിറയെ മലിനജലം കെട്ടി ക്കിടക്കുന്നുണ്ട്. തകർന്ന റോഡായതിനാൽ അധികം വാഹനങ്ങൾ ഇതു വഴി പോകുന്നില്ല . അതിനാൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ പകലും മാലിന്യങ്ങൾ തള്ളുന്നുണ്ട്.

അറ്റകുറ്റപ്പണി നടത്തുന്നില്ല

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ജില്ലാ പഞ്ചായത്തിൽ നിന്ന് ഫണ്ടനുവദിച്ച് റോഡ് ടാർ ചെയ്യാൻ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന ടി.മുരുകേശ് ഫണ്ടനുവദിച്ചതാണ്. കെ.ഐ പിയുടെ മതിയായ അനുമതി ലഭിക്കാത്തതിനാൽ ഫണ്ട് യഥാസമയം വിനിയോഗിക്കാതെ ലാപ്സായി പോയി. ജനങ്ങൾക്കേറെ പ്രയോജനം ചെയ്യുന്ന ഒരു റോഡ് ഒന്നുകിൽ കെ.ഐ.പി ടാർ ചെയ്ത് നവീകരിക്കണം. നിർമ്മാണം നടത്തുന്നില്ലെങ്കിൽ ജില്ലാ പഞ്ചായത്തിന് വർക്ക് നടത്തുന്നതിനുള്ള അനുമതി നൽകണം. കാട് വെട്ടി തെളിച്ച് കനാൽ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. 2004ൽ ടാർ ചെയ്ത റോഡാണിത്. 17 വർഷങ്ങളായി അറ്റകുറ്റപണികളില്ലാതെ പൊട്ടിപൊളിഞ്ഞിട്ട് അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ശക്തമാണ്.