കോഴഞ്ചേരി : കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തത് വൻ വിജയമായിരുന്നെങ്കിലും സംരംഭത്തിന്റെ പിന്നണിപ്പോരാളികളായിയിരുന്ന റേഷൻ വ്യാപാരികൾ പട്ടിണിയിൽ. കഴിഞ്ഞ 9 മാസമായി കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ വ്യാപാരികൾക്ക് ലഭിച്ചിട്ടില്ല. 12 മാസമായി ജനങ്ങൾക്ക് കിറ്റ് നൽകിയ വകയിൽ മൂന്ന് മാസത്തെ കമ്മിഷൻ മാത്രമെ ലഭിച്ചിട്ടുള്ളുവെന്നാണ് വ്യാപാരികൾ പറയുന്നത്. റേഷൻ സാധനങ്ങൾക്കൊപ്പം കിറ്റ് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേകം മുറികൾ വാടകയ്ക്കെടുത്തുമാണ് വ്യാപാരികൾ വിതരണത്തിനുള്ള സൗകര്യമൊരുക്കിയത്. ഒട്ടുമിക്ക കടകളിലും വിതരണത്തിന് ഉടമകൾ സഹായികളെയും നിയോഗിച്ചിരുന്നു. വാടക ഇനത്തിൽ തന്നെ ഭാരിച്ച തുക കട ഉടമകൾ ചെലവാക്കുന്നുണ്ട്. കിറ്റ് വിതരണം ചെയ്യുന്നതിന് വ്യാപാരികൾ 15 രൂപയാണ് കമ്മിഷനായി ആവശ്യപ്പെട്ടതെങ്കിലും അഞ്ച് രൂപയാണ് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് അനുവദിച്ചത്. അടുത്ത മാസം ആദ്യം ഓണത്തിന്റെ റേഷൻ കിറ്റ് വിതരണം ആരംഭിക്കാനിരിക്കയാണ് കുറ്റമറ്റ രീതിയിൽ കഴിഞ്ഞകാല കിറ്റുകൾ വിതരണം ചെയ്ത വകയിൽ ലഭിക്കേണ്ട ആശ്വാസ ധനത്തിനായുള്ള വ്യാപാരികളുടെ കാത്തിരിപ്പ് നീളുന്നത്. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തവർക്കുള്ള കൈകാര്യച്ചെലവ് നൽകുന്നതിന് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രിയുടെ പറഞ്ഞതും വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
-------------------------------
കിറ്റ് നൽകിയതിലെ കമ്മിഷന്റെ കാര്യത്തിൽ സർക്കാരുമായി ഈ കൊവിഡ് കാലത്ത് യുദ്ധത്തിനില്ല. എന്നാൽ അടുത്ത മാസം 2ന് തൃശൂരിൽ ചേരുന്ന സ്റ്റേറ്റ് എക്സിക്യുട്ടീവ് യോഗത്തിൽ വ്യാപാരികളുടെ പ്രശ്നം സംബന്ധിച്ച് ഭാവി പരിപാടികൾ തീരുമാനിക്കും.
അഡ്വ. ജോൺസൺ വിളവിനാൽ,
( സംസ്ഥാന വൈസ് പ്രസിഡന്റ്
ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ)
-9 മാസത്തെ കമ്മിഷൻ ലഭിച്ചില്ല