തിരുവല്ല: ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ പെരിങ്ങര വേങ്ങൽ - വേളൂർ മുണ്ടകം റോഡരികിലെ വൈദ്യുതി പോസ്റ്റുകൾ കൂട്ടത്തോടെ ഒടിഞ്ഞു വീണു. റോഡിലൂടെ ബൈക്കിൽ പോയ യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. പ്രദേശത്താകെ വൈദ്യുതി വിതരണം നിലച്ചു. വേങ്ങൽ പാടശേഖരത്തിന് മദ്ധ്യേകൂടി കടന്നു പോകുന്ന റോഡിലെ അയ്യനവേലി, തണുങ്ങാട് ഭാഗത്തെ 14 വൈദ്യുതി പോസ്റ്റുകളാണ് സമീപത്തെ തോട്ടിലേക്ക് നിലം പതിച്ചത്. പോസ്റ്റുകൾ ഒടിഞ്ഞു വീണ സമയം ഇതുവഴി വന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടശേഖരത്തിലെ മോട്ടോർ തറയിലേക്ക് ഉൾപ്പെടെ വൈദ്യുതി ഏത്തിച്ചിരുന്ന പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാലിൽ, വൈസ് പ്രസിഡന്റ് സുഭദ്രാ രാജൻ, വാർഡ് മെമ്പർ ശാന്തമ്മ ആർ.നായർ, മെമ്പർമാരായ തോമസ് ഏബ്രഹാം, എം.സി.ഷൈജു, ശർമ്മിള സുനിൽ, റിക്കുമോനി വർഗീസ്, ജയാ ഏബ്രഹാം, ഷീനാ മാത്യു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സുരക്ഷിതമല്ലാത്ത തരത്തിൽ സ്ഥാപിച്ചതിനാലാണ് ഇത്രയധികം പോസ്റ്റുകൾ കൂട്ടത്തോടെ നിലം പതിക്കാൻ ഇടയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് പറഞ്ഞു. മേപ്രാലിൽ നിന്നും അടിയന്തരമായി ലൈൻ വലിച്ച് പ്രദേശത്തെ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി ബോർഡ് അധികൃതർ.