olympics1

പത്തനംതിട്ട: ടോക്കിയോ ഒളിമ്പിക്‌സിനെ വരവേൽക്കാൻ വിവിധ പരിപാടികളുമായി ആവേശത്തിലാണ് ജില്ലയിലെ കായിക മേഖല. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ കായിക സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവരുമായി ചേർന്നാണ് ഒളിമ്പിക്‌സിനെ ആഘോഷമാക്കുന്നത്.

ഒളിമ്പിക്‌സ് സെൽഫി, ഫുട്‌ബാൾ അസോസിയേഷന്റെ ഗോൾ, സൈക്ലിംഗ് അസോസിയേഷന്റെ സൈക്കിൾ റാലി എന്നീ പരിപാടികൾ ഇതിനകം നടന്നു. 20ന് ബാസ്‌ക്കറ്റ് ബാൾ അസോസിയേഷന്റെ ത്രോയും 21ന് 8 മണിക്ക് അത് ലറ്റിക് അസ്സോസിയേഷന്റെ മിനി മാരത്തോണും ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. തുടർന്ന് 10 മണിക്ക് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്വിസ് മത്സരം. വൈകുന്നേരം 4 മണിക്ക് ഹോക്കി അക്കാദമി മലയാലപ്പുഴയുടെ സൗഹൃദ ഹോക്കി മത്സരം എന്നിവ ഉണ്ടാകും.

കൂടാതെ വിദ്യാർത്ഥികൾക്ക് വേണ്ടി ഒളിമ്പിക്‌സ് ആശയങ്ങൾ ആസ്പദമാക്കി വീഡിയോ ക്ലിപ്പുകൾ, പോസ്റ്റർ മത്സരം, അശ്വമേധപ്രചരണം എന്നിവയും ഉണ്ടാകും. വ്യാപാര സ്ഥാപനങ്ങൾക്കും കായിക സംഘടനകൾക്കുമായി കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ബോർഡുകൾ തയ്യാറാക്കുന്നതിന് സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപ, രണ്ടാം സമ്മാനം അൻപതിനായിരം രൂപ മൂന്നാം സമ്മാനം ഇരുപത്തിഅയ്യായിരം രൂപ വീതം രണ്ട് പേർക്കും നൽകുമെന്ന് ഒളിമ്പിക്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു, സെക്രട്ടറി ആർ. പ്രസന്നകുമാർ, സ്‌പോർട് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ എന്നിവർ അറിയിച്ചു.