കോന്നി: ജില്ലയിലെ മലയോര പ്രദേശങ്ങളോട് ചേർന്നുള്ള ജനവാസ മേഖലകളിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും കൃഷിയും സംരക്ഷിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറവും തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്തും സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചിറ്റാർ നീലിപിലാവ് മുരുപ്പേൽ വീട്ടിൽ വീട്ടിൽ റഫീക്കിന് കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റ സംഭവം അവസാനത്തെ ഉദാഹരണമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും നടപടി എടുക്കാതെ സർക്കാരും അധികാരികളും നിസംഗതയോടെ പെരുമാറുന്നത് ജനങ്ങളുടെ ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്. ജനങ്ങളെ സംരക്ഷിക്കുവാൻ വനാതിർത്തിയിലെ കിടങ്ങുകൾ, സൗരോർജ്ജ വേലി എന്നിവയുടെ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.