പത്തനംതിട്ട: വീട്ടിലെ മർദ്ദനത്തിൽ നിന്നും മോചനം നൽകണമെന്നാവാശ്യപ്പെട്ട് കളക്ടറേറ്റ് പടിക്കൽ വൃദ്ധന്റെ കുത്തിയിരിപ്പ് സമരം. വലംഞ്ചുഴി തോണ്ടമണ്ണിൽ റഷീദ് ( 71)ആണ് പടിക്കൽ സമരം നടത്തിയത്. വളർന്ന വീട്ടിൽ ജീവിക്കാൻ മകനും മരുമകളും അനുവദിക്കുന്നില്ലെന്നാണ് റഷീദിന്റെ പരാതി. റഷീദിന്റെ മാതാവിന്റെ പേരിലുണ്ടായിരുന്ന വസ്തുമകനും മരുകളും വ്യാജ രേഖകൾ ചമച്ച് കൈക്കലാക്കിയെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഏറെനാളായി ഇത് സംബന്ധിച്ച് തർക്കങ്ങളുണ്ട്. അടൂർ ആർ.ഡി.ഒ ഇത് സംബന്ധിച്ച് തീർപ്പുണ്ടാക്കിയാണ് റഷീദിനെ വീട്ടിൽ താമസിപ്പിച്ചത്. എന്നാൽ പിന്നീടും വഴക്ക് പതിവായിരുന്നു. റഷീദ് വീട്ടിൽ നിന്നും മാറികൊടുക്കണമെന്നാണ് ഇവർ പറയുന്നത്. ഏറെക്കാലമായി വീട്ടിൽ നിന്നും ഭക്ഷണം നൽകാറില്ലെന്നും റഷീദ് പറയുന്നു. അയൽവാസികളാണ് ഭക്ഷണം നൽകുന്നത്. കഴിഞ്ഞ മാസം റഷീദിനെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദ്യശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് മകന്റെയും മരുമകളുടെയും പേരിൽ കേസെടുത്തിരുന്നു. ഇതിന് ശേഷം മരുമകൾ കള്ളപരാതി കൊടുത്തതായി റഷീദ് പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച റഷീദിനോട് പൊലീസ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. തനിക്ക് നീതി ലഭിക്കണമെന്ന ആവശ്യത്തിലാണ് റഷീദ്.