അയോദ്ധ്യാകാണ്ഡവും ആരംഭിക്കുന്നത് ഉമാമഹേശ്വര സംവാദത്തിലൂടെയാണ്. ശ്രീരാമന്റെ ബാല്യകാലകഥകൾ കേട്ട ഉമ, ശ്രീരാമദേവന്റെ കഥ പൂർണമായും കേൾക്കണമെന്ന ആഗ്രഹം മഹേശ്വരനെ അറിയിക്കുമ്പോൾ കഥ പറയുകയാണ്.
രാമൻ ജാനകീസമേതനായി വാഴുന്ന കാലത്ത് ഒരിക്കൽ നാരദമഹർഷി രാമനെ കാണുവാനായി എത്തുന്നു. രാമൻ നാരദമഹർഷിയെ ആചാരോപചാരപൂർവം സ്വീകരിക്കുന്നു. രാമന്റെ ജന്മലക്ഷ്യത്തെപ്പറ്റി ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് നാരദമഹർഷി എത്തിയത്. ദശരഥമഹാരാജാവ് രാമനെ രാജാവായി വാഴിക്കാൻ തീരുമാനിച്ചിരിക്കുന്നു. ജന്മലക്ഷ്യം പൂർത്തീകരിക്കുന്നതിന് മുമ്പ് രാജ്യഭാരമേറ്റാൽ പിന്നെ ലക്ഷ്യം സാധിക്കാതെ വരാം. രാമൻ സത്യസന്ധനാകിലും, മനുഷ്യജന്മമായതിനാൽ മറവി സംഭവിക്കാം.അതിനാൽ ഒരു ഓർമ്മപ്പെടുത്തലാണ് തന്റെ ആഗമനോദ്ദേശം എന്നറിയിക്കുന്നു.

'എന്റെ ജന്മലക്ഷ്യത്തെക്കുറിച്ച് എനിക്കറിയാം, എന്താണ് സംഭവിക്കുക എന്നും എനിക്കറിയാം. ഞാൻ രാജാവാകുന്നില്ല, നാളെത്തന്നെ വനത്തിലേയ്ക്ക് പോകുന്നു. സീതാദേവിയെ കാരണഭൂതയാക്കി, രാവണനെയും രാക്ഷസവംശത്തെയും ഇല്ലായ്മ ചെയ്യും' - രാമൻ പറഞ്ഞു. നാരദൻ സന്തുഷ്ടനായി മടങ്ങി.
എത്ര ഉത്തരവാദിത്വബോധം ഉള്ളവരാണെങ്കിലും ചിലപ്പോഴെങ്കിലും ഓർമ്മപ്പെടുത്തൽ ആവശ്യമായി വന്നേക്കാം, പ്രത്യേകിച്ച് അതീവ പ്രാധാന്യമുള്ള സംഗതികളാണെകിൽ.
ഇതേ സമയം ദശരഥന്റെ കൊട്ടാരത്തിൽ ശ്രീരാമപട്ടാഭിഷേകത്തിനുള്ള ചിന്തകൾ ആരംഭിച്ചു. എല്ലാവർക്കും പ്രിയങ്കരനായ രാമനെ രാജ്യഭാരം ഏൽപ്പിക്കുന്നതിന് ദശരഥൻ തീരുമാനിക്കുന്നു. ദശരഥൻ വസിഷ്ഠനെ ദൗത്യവുമായി രാമന്റെ അരികിലേക്ക് അയയ്കുന്നു. രാമൻ വസിഷ്ഠനെ ആചാരോപചാരങ്ങൾ നൽകി സ്വീകരിച്ചു. തൃക്കാൽ കഴുകി, പാദാബ്ജതീർത്ഥം ശിരസിൽ ധരിച്ചു. ഗുരുനാഥന്മാരെ ബഹുമാനിക്കുന്നതും, ആദരിക്കുന്നതുമാണ് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം.
രാമന്റെ ആചാരോപചാരങ്ങൾ സ്വീകരിച്ച വസിഷ്ഠൻ ശ്രീരാമന്റെ ജന്മ ലക്ഷ്യത്തെപ്പറ്റി തനിക്കറിയാമെന്ന് രാമനെ അറിയിച്ചു. തുടർന്ന് അഭിഷേകത്തിനു തയ്യാറെടുക്കാനുള്ള നിർദ്ദേ ശങ്ങൾ നൽകി മടങ്ങി.