തിരുവല്ല: മാർക്കറ്റ് ജംഗ്‌ഷന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് സൈക്കിൾ യാത്രികനായ മദ്ധ്യവയസ്ക്കന് ഗുരുതരമായി പരിക്കേറ്റു. വൈദ്യുത പോസ്റ്റിലിടിച്ച കാർ നിർമ്മാണം പുരോഗമിക്കുന്ന ഓടയിലേക്ക് മറിഞ്ഞു. തിരുവല്ല പാലിയേക്കര നെടുംമ്പള്ളിൻ സതീഷി (50) നാണ് പരിക്കേറ്റത്. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന കുന്നന്താനം പാലയ്ക്കാത്തകിടി കൊട്ടാരത്തിൽ വീട്ടിൽ കെ.ടിവർഗീസ് (കുഞ്ഞുമോൻ -70) പരിക്കേൽക്കാതെ രക്ഷപെട്ടു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ഇടിച്ചു തകർത്തു. തിരുവല്ല -മാവേലിക്കര റോഡിൽ മാർക്കറ്റ് ജംഗ്‌ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് അപകടം. തിരുവല്ല ഭാഗത്ത് നിന്നും മാർക്കറ്റ് ജംഗ്ഷൻ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തിരുവല്ല പൊലീസ് കേസെടുത്തു.