റാന്നി : വനം സംരക്ഷണ സമിതികളെ ശാക്തീകരിക്കാൻ സർക്കാർ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. റാന്നി വനം ഡിവിഷന്റെ പരിധിയിൽ പുതുതായി നിർമ്മിക്കുന്ന രാജാംപാറ മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ ശിലാസ്ഥാപന ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രധാന വഴിയോരങ്ങളിൽ വനശ്രീ, വനശ്രീ ഇക്കോഷോപ്പ് ആരംഭിക്കുന്നതിലൂടെ അതത് മേഖലയിലെ വന സംരക്ഷണ സമിതികളെ ശാക്തീകരിക്കാനാകും. പ്രധാനപ്പെട്ട ചെക്ക് പോസ്റ്റുകളിലും അന്തർസംസ്ഥാന അതിർത്തികളിലും വഴിയോരങ്ങളിലും വനശ്രീ, വനശ്രീ ഇക്കോഷോപ്പ് തുടങ്ങിയ ഇടങ്ങളിലും വനസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള നോളജ് സെന്റർ മറ്റ് അനുബന്ധ സൗകര്യം ഉൾപ്പെടുത്തി സംയോജിത തലത്തിൽ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി 15 ഫോറസ്റ്റ് സ്റ്റേഷനുകളും 14 ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകളുടേയും നിർമ്മാണ ഉദ്ഘാടനവുമാണ് നടന്നത്. സംസ്ഥാനത്ത് 14 സംയോജിത ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് പദ്ധതി നടപ്പാക്കിവരുന്നതായും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനവും എം.എൽ.എ നിർവഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, മുൻ എം.എൽ.എ രാജു ഏബ്രഹാം, റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർ ശർമ്മ, അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് കെ.വി.ഹരികൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.