കോന്നി : ചിറ്റാർ പഞ്ചായത്തിൽ കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലം അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എയും വനം വകുപ്പ് ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചു. ചിറ്റാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ നാളുകളായി കാട്ടുമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി കർഷകരുടെ കൃഷി നശിപ്പിക്കുകയും ശനിയാഴ്ച രാവിലെ നീലിപിലാവിൽ ആമകുന്നിൽ മുരുപ്പേൽ റഫീഖിനെ കാട്ടാന ആക്രമിക്കുകയും ചെയ്തിരുന്നു. റഫീഖിന്റെ വീടും പ്രദേശങ്ങളും എം.എൽ.എയും സംഘവും സന്ദർശിച്ചു. കെ.യു ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത അടിയന്തര യോഗം ചിറ്റാർ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ യോഗം ചേർന്നു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ജനങ്ങളുടെ സഹായത്തേടുകൂടി മാത്രമേ പരിഹാരം കാണാൻ കഴിയു. അതിനായി ജനപ്രതിനിധികളും വനപാലകരും പ്രദേശവാസികളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് എം.എൽ.എ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ ജനകീയമാവണം. സർക്കാരിന്റെ പദ്ധതികൾ ജനകീയ പങ്കാളിത്വത്തോടെ നടത്തണമെന്നും എം. എൽ.എ പറഞ്ഞു. നീലിപിലാവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ മുരുപ്പേൽ റഫീഖിന് ചികിത്സാ സാധന സഹായം അനുവദിച്ചു നൽകും.
പ്രധാന തീരുമാനങ്ങൾ
കാട്ടുമൃഗങ്ങളെ തുരത്താൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ പമ്പ് ആക്ഷൻ ഗൺ, എലിഫന്റ് സ്‌കെയറിംഗ് യൂണിറ്റ്, കാർബൺ ലെയിസർ, ലേസർ എന്നിവ ഉപയോഗിക്കും. പെട്രോളിംഗിനും മറ്റ് ആവശ്യങ്ങൾക്കും വനംവകുപ്പിന് സൗകര്യപ്രഥമായ വാഹനങ്ങൾ ലഭ്യമാക്കും. നീലിപിലാവ്, ആമകുന്ന്, കൊടുമുടി, വേളിമല കോളനി, കട്ടച്ചിറ കോളനിക്ക് ചുറ്റും പുതിയതായി സോളാർ വേലി സ്ഥാപിക്കും. തകരാറിലായ വന സംരക്ഷണ സമിതിയുടെ സഹായത്തോടെ അടിയന്തരമായി മെയിന്റൻസ് നടത്തും. കിടങ്ങുകൾ സ്ഥാപിക്കാനുള്ള പ്രദേശങ്ങളിൽ എസ്റ്റിമേറ്റ് എടുക്കും. പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് വനം വകുപ്പും ജനപ്രതിനിധികളും സംയുക്തമായ രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനായി വനം വകുപ്പ് ജീവനക്കാർ എത്തി സ്ഥലവാസികളെ പങ്കെടുപ്പിച്ച് പ്രദേശങ്ങളിൽ ജാഗ്രതാ സമിതികൾ കൂടും.