ചെങ്ങറ: അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ കുമ്പഴ തോട്ടം ഭാഗത്തു മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. ദൂരെ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ എത്തിയാണ് രാത്രിയും പകലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. റോഡിലെ ചെറത്തിട്ട ജംഗ്ഷന് സമീപത്തും തോട്ട സ്കൂളിന് സമീപത്തുമാണ് കൂടുതലായി മാലിന്യ നിക്ഷേപം. വീടുകളിലെയും, കോഴിക്കടകളിലെയും മാലിന്യങ്ങളാണ് ഇവിടെ കൂടുതലായി നിക്ഷേപിക്കുന്നത്. ഇവ റോഡിൽ കിടന്നു വാഹങ്ങൾ കയറിയിറങ്ങി ചിതറി കിടന്നു ദുർഗന്ധം വമിക്കുകയാണ്. പൊട്ടിയ കുപ്പികളും മറ്റും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പലയിടത്തും ചാക്കിൽ കെട്ടിയ നിലയിലാണ് മാലിന്യ നിക്ഷേപിക്കുന്നത്. മുൻപ് ഹാരിസൺസ് കമ്പനി ഇവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാനായി രാത്രികാലങ്ങളിൽ വാച്ചുമാൻമാരെ നിയോഗിച്ചിരുന്നു. എന്നാൽ ഇവരെ പിൻവലിച്ചതോടെ ഇപ്പോൾ മാലിന്യ നിക്ഷേപം വർദ്ധിച്ചിരിക്കുകയാണ്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും, തോട്ടത്തിലെ താമസക്കാരായ തൊഴിലാളികളും ആവശ്യപ്പെട്ടു.