അങ്ങാടിക്കൽ : കേരള വനംവന്യജീവി വകുപ്പ് തെരഞ്ഞെടുത്ത സ്‌കൂളുകളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. സ്വാഭാവിക വനങ്ങളെ പുനഃസൃഷ്ടിക്കുന്നതിൽ പ്രശസ്തനായ ജപ്പാൻ സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കിയാണ് ഈ സമ്പ്രദായം ആദ്യമായി നടപ്പാക്കിയത്. ചുരുങ്ങിയ സമയം കൊണ്ട് സ്വാഭാവിക വനത്തിന്റെ
ഒരു ചെറുമാതൃക സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിറുത്തുവാൻ സ്വാഭാവിക വനങ്ങൾ ആവശ്യമാണ്. സ്വാഭാവിക വനങ്ങളിൽ 30വർഷം കൊണ്ട് ഉണ്ടാവുന്ന മാറ്റങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ വിദ്യാവനത്തിൽ സൃഷ്ടിക്കുവാൻ സാധിക്കും.
ഒരു മീറ്റർ സ്‌ക്വയർ ഭൂമിയിൽ 4 മരം എന്ന കണക്കിൽ ഇടതൂർന്ന രീതിയിലാണ് മരങ്ങൾ നടുന്നത്. ഇതിൽ ഒരു വൻമരം, രണ്ട് ചെറുമരം, രണ്ട് കുറ്റിച്ചെടി എന്നിവ ഉൾപ്പെടും. നടുന്നതിനു മുമ്പ് ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റിയതിന് ശേഷം മേൽമണ്ണുമായി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ചകിരിച്ചോറ്, കുമ്മായം ഇവ കൂട്ടിച്ചേർക്കുന്നു. ഇവിടെ നടുന്ന മരങ്ങൾ രണ്ടു മുതൽ മൂന്നു വർഷങ്ങൾക്കുശേഷം പൂർണ്ണമായും സ്വയം പര്യാപ്തമായി കഴിഞ്ഞ് ഒരു ചെറു വനമായി മാറും. സ്‌കൂളിലെ വിദ്യാവനത്തിൽ 5 സെന്റിൽ 170 ൽ പരം സ്പീഷീസിൽ ഉള്ള നാനൂറ്റി മുപ്പത് തൈകളാണ് നട്ടിട്ടുള്ളത്. എല്ലാം തദ്ദേശീയമായ സ്പീഷീസുകളാണ്. പക്ഷികളെയും ഷഡ്പദങ്ങളെയും ആകർഷിക്കുന്നതിനും കാർബൺ കുറയ്ക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനും പ്രയോജനകരമാണ് വിദ്യാവനം. ഓരോ മരത്തിന്റെയും സമ്പൂർണ്ണ വിവരങ്ങൾ ക്യൂ ആർ കോഡിൽ ലഭിക്കും. സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സി.കെ.ഹാബി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ.എസ്. അശോക്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് വിദ്യാവനം തയ്യാറാക്കുന്നത്. പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും ശാസ്ത്രീയ പഠനത്തിനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമെന്ന് മാനേജർ രാജൻ ഡി ബോസ്, കോഓർഡിനേറ്റർ ജി. ബോബി എന്നിവർ പറഞ്ഞു.