ശ്രീരാമപട്ടാഭിഷേകം നടന്നാൽ രാവണനിഗ്രഹവും രാക്ഷസകുല നാശനവും സാധിക്കാതെ വരും എന്ന് മനസ്സിലാക്കിയ ദേവന്മാർ സരസ്വതീദേവിയുടെ സഹായത്തോടെ കൈകേയിയുടെ സുഹൃത്തായ മന്ഥരയെ ഉപയോഗിച്ച് കൈകേയിയെ സ്വാധീനിച്ച് അഭിഷേകവിഘ്‌നം വരുത്തിക്കാൻ തീരുമാനിച്ചു. കൈകേയിയെ സന്ദർശിക്കുന്ന മന്ഥര, പുത്രനായ ഭരതൻ രാജാവായാലുള്ള മെച്ചങ്ങൾ പറഞ്ഞ് മനസ്സ് മാറ്റിയെടുത്തു. നേരത്തെ ദശരഥൻ വാഗ്ദാനം നൽകിയിരുന്ന രണ്ട് വരങ്ങൾ, ഭരതനെ രാജാവാക്കുവാനുള്ള മാർഗമായി കൈകേയി ആവശ്യപ്പെട്ടു.. ഭരതന്റെ രാജ്യാഭിഷേകവും രാമന്റെ വനവാസവുമാണ് കൈകേയി ആവശ്യപ്പെട്ടത്. ഇതുകേട്ട ദശരഥൻ ദുഃഖിതനായി.
അടുത്ത പ്രഭാതത്തിൽ രാമനെ വിളിച്ചുവരുത്തി. രാമൻ എത്തി പിതാവിന് പാദനമസ്‌കാരം ചെയ്തു. ദുഖത്തോടെ തന്റെ പുത്രനെ ആലിംഗനം ചെയ്യാൻ വേണ്ടി സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ ദശരഥൻ മോഹാലസ്യപ്പെട്ട് വീണു. രാമൻ ദശരഥനെ തന്റെ മടിയിൽ കിടത്തി ആശ്വസിപ്പിച്ചു. കൈകേയിയുടെ ആവശ്യം മനസ്സിലാക്കിയ ഉത്തമ പുത്രനായ രാമൻ ദശരഥനെ ആശ്വസിപ്പിച്ച് സസന്തോഷം വനയാത്രയ്ക്ക് തയ്യാറായി.
ഭാരതസംസ്‌കാരം മുന്നോട്ടുവയ്ക്കുന്ന കുടുംബ സംവിധാനത്തിൽ പിതാവിന്റെ ആഗ്രഹം അറിഞ്ഞുചെയ്യുന്നവനാണ് ഉത്തമപുത്രൻ. പിതാവിന്റെ ആജ്ഞയാൽ ചെയ്യുന്നവൻ മദ്ധ്യമൻ. പിതാവിന്റെ ആജ്ഞ അനുസരിക്കാത്തവൻ അധമപുത്രൻ.
കുടുംബത്തിൽ കൂടിയാലോചന ഇല്ലാതെ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പരാജയപ്പെടുന്നു എന്ന് ഈ കഥാ ഭാഗത്തിലൂടെ മനസ്സിലാക്കാം. എത്ര ദീർഘകാലമായി അടുപ്പമുള്ളവരാണെങ്കിലും ചിലപ്പോൾ തെറ്റായ ഉപദേശങ്ങൾ നൽകിയേക്കാം എന്ന് മന്ഥര നമ്മെ ഓർമ്മപ്പെടുത്തുന്നു. വാഗ്ദാനങ്ങൾ കൊടുക്കുന്നതിനുമുമ്പ്, വരുംവരായ്കകളെപ്പറ്റി ചിന്തിക്കുക എന്ന പാഠവും നമുക്ക് ഈ കഥാ ഭാഗത്തുനിന്ന് മനസ്സിലാക്കാം