റാന്നി : പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ വടശേരിക്കരയിൽ ആൺകുട്ടികൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളിൽ 2021-22 അദ്ധ്യയന വർഷം പ്ലസ് വൺ ഹുമാനിറ്റീസ് കോഴ്‌സിൽ പ്രവേശനം നേടുന്നതിന് കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവുളളവരിൽ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റുകളിൽ 70% പട്ടികവർഗക്കാർക്കും 20% പട്ടികജാതിക്കാർക്കും 10% മറ്റ് പൊതു വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. പ്രവേശനത്തിനുളള അപേക്ഷകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഐ.ടി.ഡി പ്രോജക്ട് ഓഫീസ് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബൽ എക്‌സ്പ്രഷൻ ഓഫീസ്, വടശേരിക്കര ഗവ: മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. അഡ്മിഷന് വെയ്‌റ്റേജ് ലഭിക്കുവാൻ അർഹതയുളള ഇനങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഈ സർട്ടിഫിക്കറ്റുകളുടെയും ജാതി വരുമാന സർട്ടിഫിക്കറ്റുകളുടെയും അസൽ പകർപ്പുകൾ അഡ്മിഷൻ നേടുന്ന സമയത്ത് നിർബന്ധമായും ഹാജരാക്കണം . ഫോൺ: 04735 251153.