തണ്ണിത്തോട്: മഴയുടെ അളവറിയാൻ മലയോരത്തും സംവിധാനമാകുന്നു. ജലസേചന വകുപ്പിന്റെ നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായാണ് പ്ലാന്റഷന് കോർപറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റ് ഓഫീസ് പരിസരത്തു ഓട്ടോമാറ്റിക് റൈൻ ഗേജ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. ഇവിടെ സ്ഥാപിച്ച ഓട്ടോമാറ്റിക് റൈൻ ഗേജ് സ്റ്റേഷന്റെ അവസാനവട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കി വിവര ശേഖരണം കൃത്യമാക്കിയതിനു ശേഷം പ്രവർത്തന സജ്ജമാക്കുമെന്നു അധികൃതർ പറഞ്ഞു. നാഷണൽ ഹൈഡ്രോളേജി പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റുന്ന ജോലികൾ നടന്നു വരികയാണ്. ജില്ലയിൽ പുതുതായി റൈൻ ഗേജ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് തണ്ണിത്തോട്ടിലും, കൊച്ചുപമ്പയിലുമാണ്. പെരുംതേനരുവിയിലും, തിരുവല്ലയിലും ഇതോടൊപ്പം പുതിയ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ നിലവിലുള്ള കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ ഓട്ടോമാറ്റിക് സവിധാനത്തിലേക്കു മാറ്റുന്ന ജോലികൾ പൂർത്തിയാവുകയാണ്.