parvatham-road
തകർന്നു കിടക്കുന്ന വടശ്ശേരിക്കര പർവ്വതം റോഡ്

റാന്നി : വടശേരിക്കര ഗ്രാമ പഞ്ചായത്തിലെ കന്നാംപാലം പർവ്വതം റോഡ് തകർന്നിട്ട് നാളുകൾ. വടശേരിക്കരയിൽ നിന്നും കന്നാംപാലം പർവ്വതം വഴി പുതുശ്ശേരിമലയ്ക്കുള്ള ഭാഗമാണ് ഏറെ തകർന്നുകിടക്കുന്നത്. റോഡിന്റെ വശത്തെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഗതാഗത യോഗ്യമല്ലാത്ത റോഡ് ഇല്ലാത്തത് പ്രദേശവാസികളെ വലയ്ക്കുകയാണ്. കാന ഇല്ലാത്തതിനാൽ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതുമൂലം ടാർ പൂർണമായും ഒലിച്ചു പോയിട്ടുണ്ട്. പച്ച മണ്ണും ഉരുളൻ കല്ലുകളും തെളിഞ്ഞു നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ. റോഡിന്റെ കുറച്ചു ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. വശങ്ങൾ മണ്ണിട്ട് നികത്താത്തതുമൂലം ഓട്ടോ വന്നാൽ പോലും സൈഡ് കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇതിനോടകം തന്നെ രണ്ട് അപകടം ഉണ്ടായി. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

റോഡിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗം സൈഡ് കെട്ടി സംരക്ഷിക്കുവാനുള്ള നടപടി ഉണ്ടായിട്ടില്ല. ഉടൻതന്നെ ഇതിനു പരിഹാരം കാണണം,

പദ്മകുമാർ

( സമീപവാസി )

- കുടിവെള്ള പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു

-റോഡിൽ പച്ചമണ്ണും ഉരുളൻ കല്ലും

-അപകടങ്ങൾ പതിവ്

-പരാതി നൽകിയിട്ടും പരിഹാരമില്ല