പത്തനംതിട്ട : ഒളിമ്പിക്‌സിനെ വരവേറ്റ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ , സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ എന്നിവർ സംയുക്തമായി മിനി മാരത്തൺ നടത്തി. ജില്ലാ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മാരത്തോൺ നാഷണൽ അത്‌ലറ്റിക് താരം ഭരത് രാജനിൽ നിന്ന് ദീപശിഖ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക് രക്ഷാധികാരി പ്രൊഫ. ഉമ്മൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, ചാർലി ചെറിയാൻ, അത്‌ലറ്റിക് ജില്ലാ സെക്രട്ടറി ഏബ്രഹാം തോമസ്, പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള, വൈസ് പ്രസിഡന്റ് ബിനോയ് തോമസ്, ജോർജ് ബിനു രാജ്, സിനി മറിയം ജോർജ് മാത്യു എന്നിവർ സംസാരിച്ചു . ഇന്ന് 3ന് റഗ്ബി അസോസിയേഷന്റെ റഗ്ബി സെവൻസ് സൗഹൃദ മത്സരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മുതൽ മുതൽ ഗാന്ധി സ്‌ക്വയറിൽ വുഷു അസോസിയേഷന്റെ കിക്ക് ആൻഡ് പഞ്ച് ഉദ്ഘാടനം, കരാട്ടെ അസോസിയേഷന്റെ കരാട്ടെ പ്രകടനം എന്നിവ നടക്കും. കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവല്ല, പത്തനംതിട്ട, കുന്നന്താനം, അടൂർ, കൊടുമൺ, ഏനാദിമംഗലം, മല്ലപ്പള്ളി എന്നീ പ്രധാന കേന്ദ്രങ്ങളിൽ ഒളിമ്പിക് ദീപം തെളിയിക്കും. പത്തനംതിട്ടയിൽ ജില്ലാകളക്ടർ ദിവ്യ എസ്. അയ്യർ, തിരുവല്ലയിൽ മാർത്തോമ മെത്രാപ്പൊലീത്ത, മല്ലപ്പള്ളിയിൽ മുൻ ഫുട്‌ബോൾ ദേശീയ താരം കെ.ടി ചാക്കോ എന്നിവർ ഒളിമ്പിക് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിദ്യാർത്ഥികളും വ്യാപാര വ്യവസായികളും കായികതാരങ്ങളും പൊതുജനങ്ങളും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ദീപം തെളിയിച്ചു ഐക്യദാർഢ്യം പ്രഖ്യാപിക്കും.