മല്ലപ്പള്ളി: ആനിക്കാട് സ്വദേശിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ മേയ് 21ന് ഉണ്ടായ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട മൂന്നുപേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആനിക്കാട് പഞ്ചായത്തംഗം മാത്യൂസ് കല്ലുപുര, മുൻ പഞ്ചായത്തംഗം ഷീബാ ജോസഫ്, പൊതുപ്രവർത്തകനായ ജോസഫ് ഐസക് എന്നിവർക്കാണ് ജസ്റ്റിസ് പി. സോമരാജൻ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജൂലായ് 13ന് കീഴ്വായ്പ്പൂര് പൊലീസിൽ കീഴടങ്ങിയ ഇവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇനിയും കസ്റ്റഡിയിൽ വെയ്‌ക്കേണ്ടതില്ലെന്ന് വിലയിരുത്തിയ കോടതി 20,000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്യം തുകയുടെ രണ്ട് ആൾ ജാമ്യത്തിലും ഉപാധികളോടെ വിട്ടയയ്ക്കാനാണ് നിർദേശം നൽകിയത്.