മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി. ബസുകൾ സെൻട്രൽ പൂളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നും ഫാസ്റ്റ് പാസഞ്ചർ ബസുകൾ തിരിച്ചെടുത്തപ്പോൾ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് മല്ലപ്പള്ളിക്ക്. ആകെയുള്ള 7 ബസുകളിൽ 4 എണ്ണമാണ് ഇവിടെ നിന്നും പാറശാലക്ക് കൊണ്ടുപോകുവാൻ അധികൃതർ കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. 28 ഡിപ്പോകളിൽ നിന്നും ബസുകൾ തിരിച്ചെടുക്കുമ്പോൾ മല്ലപ്പള്ളി 4, പത്തനംതിട്ട, ആര്യനാട് എന്നിവിടങ്ങളിൽ നിന്ന് 3 വീതവും, മാവേലിക്കര, അങ്കമാലി, കട്ടപ്പന, ആറ്റിങ്ങൽ, മണ്ണാർകാട്, കൊടുങ്ങല്ലൂർ, ട്രിവാൻഡ്രം സെൻട്രൽ എന്നിവിടങ്ങളിൽ നിന്ന് 2 വീതവും, മറ്റ് 17 ഡിപ്പോകളിൽ നിന്നും ഓരോ ബസുകളുമാണ് തിരിച്ചെടുത്തത്. മല്ലപ്പള്ളിയിൽ നിന്ന് അടുത്തിടെ 10 ഓർഡിനറി, ചെയിൻ സർവീസ് ബസുകൾ തിരിച്ചെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ഡിപ്പോയെ നശിപ്പിക്കുവാനുള്ള നീക്കമെന്ന ആരോപണം പരക്കെ ഉയർന്നത്.

ദീർഘദൂര സർവീസുകൾ ഇല്ലാതാകും

മല്ലപ്പള്ളിയിൽ നിന്ന് നേരിട്ടുള്ള അമൃത ആശുപത്രി, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ഓരോ ബസുകളും, തിരുവനന്തപുരത്തേക്കുള്ള രണ്ടു ബസ് സർവീസുകളും പൂർണമായി ഇല്ലാതാകും. തിരിച്ചെടുക്കുന്ന ബസുകൾ വീതിച്ച് നൽകുമ്പോൾ ഏറ്റവും നേട്ടം തിരുവല്ലയ്ക്കും, ആലുവയ്ക്കുമാണ്. 5 വീതം ബസുകളാണ് ഈ രണ്ട് ഡിപ്പോകൾക്കും അനുവദിച്ചിട്ടുള്ളത്. കായംകുളം, പാറശാല എന്നിവിടങ്ങളിലേക്ക് 4 വീതവും, വെള്ളറട, ചാത്തന്നൂർ എന്നിവിടങ്ങളിലേക്ക് 3 ബസുകൾ വീതവും നൽകും. മറ്റ് 12 ഡിപ്പോകൾക്ക് ഒന്നും രണ്ടും വീതമാണ് അനുവദിച്ചിട്ടുണ്ട്.

പ്രതിഷേധം വ്യാപകം

ഗ്രാമീണ മേഖലയെ അവഗണിച്ചുകൊണ്ടുള്ള കെ.എസ്.ആർ.ടി.സിയുടെ പരിഷ്‌ക്കാരത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ട്.

-----------

ആകെയുള്ളത് 7 ദീർഘദൂര ബസിൽ

4 എണ്ണം കൊണ്ടുപോകാൻ ഉത്തരവ്

ഓർ‌ഡിനറി ബസുകൾ മാറ്റിയത് 14 എണ്ണം