san
പ്രതി സാൻജോസ്

അടൂർ: അടൂർ ആനന്ദപ്പള്ളി സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന മോഷണ കേസിലെ പ്രതി പത്ത് വർഷത്തിനു ശേഷം പിടിയിൽ . നെയ്യാറ്റിൻകര വടവൂർകോണം ആരയൂർ സ്വദേശി എം.എസ് ഭവനം സാൻ ജോസ് (39) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2011 ഏപ്രിൽ 25നാണ് മോഷണം നടത്തിയത്. വഞ്ചികളും വിശുദ്ധ തിരുശേഷിപ്പും സൂക്ഷിച്ചിരുന്ന പേടകവും വഞ്ചികളും കുത്തിത്തുറന്ന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ മോഷണമാണ് നടത്തിയത്. പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ പൊലീസ് അന്വേഷണം മരവിപ്പിച്ചിരിക്കുകയായിരുന്നു . പത്തനംതിട്ട ഫിംഗർ പ്രിന്റ് ബ്യൂറോ ടെസ്റ്റർ ഇൻസ്പെക്ടർ വി.ബിജുലാൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രതിയുടെ ഫിംഗർ പ്രിന്റ് താരതമ്യം ചെയ്തതിനെത്തുടർന്നാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അടൂർ ഡി.വൈ.എസ്.പി ആർ.ബിനു, അടൂർ പൊലീസ് ഇൻസ്പെക്ടർ റ്റി.ഡി. പ്രജീഷ്, എസ്.ഐമാരായ സായി സേനൻ, സുരേന്ദ്രൻപിള്ള സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അമൽ, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. പ്രതിയെ ആനന്ദപ്പള്ളി സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.