തിരുവല്ല: അപ്പ്രോച്ച് റോഡ് നിർമ്മിച്ച് കലുങ്കിന്റെ പണികൾ പൂർത്തിയായപ്പോൾ വൈദ്യുതി പോസ്റ്റ് യാത്രക്കാർക്ക് വിനയായി. പെരിങ്ങര പി.എം.വി സ്കൂൾ പടി - കാനേങ്ങാട്ടുപടി റോഡിലാണ് അപകടഭീഷണിയുയർത്തി വൈദ്യുതി പോസ്റ്റ് റോഡിൽ നിൽക്കുന്നത്. ഇവിടെ പെരിഞ്ചാത്രപടിയിൽ വാച്ചാൽ തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച കലുങ്കിനോട് ചേർന്നുനിൽക്കുന്ന വൈദ്യുതി പോസ്റ്റാണ് ഭീഷണിയാകുന്നത്. പകലും രാത്രിയിലും ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ യാത്രക്കാരുടെ ശ്രദ്ധതെറ്റിയാൽ പോസ്റ്റിൽ തട്ടി അപകടമുണ്ടാകാൻ സാദ്ധ്യതയേറെയാണ്. അപ്പ്രോച്ച് റോഡിന്റെ നിർമ്മാണത്തിനിടെ പോസ്റ്റിന് ചുറ്റും കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട് . ഇവിടെ കലുങ്ക് ഉയർത്തി നിർമ്മിച്ചതിനാൽ വൈദ്യുതി പോസ്റ്റിലെ കമ്പികളും താഴ്ന്നുകിടക്കുന്ന നിലയിലാണ്. ഉയരമുള്ള വാഹനയാത്രക്കാർക്ക് വൈദ്യുതി ലൈനുകളും ഭീഷണിയുയർത്തുന്നു. അടിയന്തരമായി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ ഗോത്ര സംസ്കൃതി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മനു കേശവ് അദ്ധ്യക്ഷത വഹിച്ചു. ഏബ്രഹാം തോമസ്, മനോജ് കളരിക്കൽ, ബിജു ഗണപതിപ്പറമ്പിൽ, അനീഷ് ചന്ദ്രൻ, ജോൺ എബ്രഹാം, ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.