അടൂർ: നഗരത്തിൽ ഏറെ നാളായി ഇഴഞ്ഞുനീങ്ങുന്ന റോഡ് വികസനവും ഓട നവീകരണവും അടിയന്തരമായി പൂർത്തികരിച്ച് യാത്രക്കാരുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ആവശ്യപ്പെട്ടു. ഹോളിക്രോസ് ജംഗ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തത് മൂലം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ഓട നവീകരണത്തിന്റെ ഭാഗമായി ജനറൽ ആശുപത്രിക്കും പാർത്ഥസാരഥി ജംഗ്ഷനുമിടയിലുള്ള വളവിൽ പൊളിച്ചിട്ട ഓടയിൽ ഹോട്ടൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിച്ച് ദിവസങ്ങളോളം ഇതുവഴിയുള്ള കാൽ നടയാത്ര ബുദ്ധിമുട്ടിലാക്കി. നവീകരണം അനന്തമായി നീളുന്നത് ജല അതോറിട്ടിയും പൊതുമരാമത്ത് വകുപ്പുംതമ്മിലുള്ള ഏകോപനമില്ലായ്മ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു