ചെങ്ങറ: വാഹനയാത്രക്കാർക്ക് പേടിസ്വപ്നമായ അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിൽ ചെങ്ങറ ജി.സി.എസ്.എൽ.പി സ്കൂളിന് സമീപത്തെ വളവ്. കോന്നി, മലയാലപ്പുഴ,വടശേരിക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കടന്നുപോകുന്ന റോഡിലെ ഈ കൊടുംവളവിൽ നിരവധി അപകടങ്ങളാണ് ഇതിനോടകം നടന്നിട്ടുള്ളത്. ഒരു വർഷത്തോളമായി ഒരുകോടി രൂപ മുതൽമുടക്കിൽ ബിഎം ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ റോഡ് നവീകരിച്ചിട്ട്. റോഡ് നവീകരണത്തിന് മുൻപും ശേഷവും നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടിട്ടുള്ളത്. ഇതിൽ കാറും ബൈക്കും മറ്റ് വലിയ വാഹനങ്ങളും ഉൾപ്പെടുന്നു. വലിയ ഭാരം കയറ്റി വരുന്ന നീളമുള്ള ട്രക്കുകൾ അടക്കം ഈ കൊടും വളവിൽ തിരിയാൻ ബുദ്ധിമുട്ടുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.