കോഴഞ്ചേരി: ആരോഗ്യ വകുപ്പ് നടത്തിയ കൊ വിഡ് പരിശോധനാ ക്യാമ്പിൽ വൻ പിഴവ്. പരിശോധനാ ഫലം നെഗറ്റീവായ ആളെ കൊവിഡ് ബാധിതർക്കൊപ്പം ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയതും പോസിറ്റീവ് എന്നു സ്ഥിരീകരിച്ചയാളിന്റെ ഫലം സംശയത്തെ തുടർന്ന് വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്രീവായതും വിവാദമായി.
മെഴുവേലി പഞ്ചായത്ത് 13-ാം വാർഡിലെ പറയങ്കരയിൽ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനാ ക്യാമ്പിലാണ് പിഴവ് . ഫലം നെഗറ്റീവായ ഉള്ളന്നൂർ വട്ടമുകടിയിൽ രാജനെ (53) യാണ് 3 ദിവസം കൊവിഡ് ബാധിതർക്കൊപ്പം ചികിത്സാ കേന്ദ്രത്തിൽ താമസിപ്പിച്ചത്.
പഞ്ചായത്ത് അംഗവും എച്ച്.ഐ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുമാണ് കൊവിഡ് ഇല്ലാത്ത തന്നോട് കൊവിഡ് പൊസിറ്റീവാണെന്ന് വിളിച്ചറിയിച്ചതെന്ന് രാജൻ പറഞ്ഞു. 13-ാം വാർഡിലെ ജാഗ്രതാ പട്ടികയിൽ പേരും ഉൾപ്പെട്ടതോടെ രാജനെ ആംബുലൻസിൽ ഇലവുംതിട്ടയിലെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റുകയായിരുന്നു. 8 കൊവിഡ് ബാധിതർക്കൊപ്പം 3 ദിവസം രാജന് ഒരു മുറിയിൽ കഴിയേണ്ടി വന്നു. മൂന്നാം ദിവസമാണ് തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നറിയിച്ച് അധികൃതരുടെ ഫോൺ വിളിയെത്തിയത്.
കൊവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചതിനെ തുടർന്നാണ് തനിക്കും ക്വാറന്റൈനിൽ കഴിയേണ്ടി വന്നതെന്ന് ഉള്ളന്നൂർ വല്ലീശ്വരത്ത് വടക്കേതിൽ വി.കെ.തമ്പിയും (68) പറയുന്നു. ക്വാറന്റൈനിൽ പ്രവേശിപ്പിച്ച ശേഷം 3 ദിവസങ്ങൾ കഴിഞ്ഞാണ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി മെഴുവേലി പഞ്ചായത്ത് കമ്മിറ്റി കുറിയാനിപ്പള്ളി ജംഗ്ഷനിൽ ഇന്നലെ പ്രതിഷേധ സമരം നടത്തി. നിയോജക മണ്ഡലം ഉപാദ്ധ്യക്ഷൻ ജി. വിദ്യാധിരാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വിനീത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് കോയിക്കൽ, സെക്രട്ടറി മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
ഇന്ന് മെഴുവേലി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടക്കുന്ന ധർണ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്യും.