പന്തളം: തനിച്ച് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ പൊലിസ് കസ്റ്റഡിയിലായി. തോന്നല്ലൂർ ഉളമയിൽ സ്വദേശിയാണ് പിടിയിലായത്. കടയ്ക്കാട് വടക്ക് പനയറയിൽ പരേതനായ അനന്തൻ പിള്ളയുടെ ഭാര്യ ശാന്തകുമാരി(72)യുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ സദ്യയ്ക്കായി വാഴയില വേണമെന്നാവശ്യപ്പെട്ടാണ് മോഷ്ടാക്കളായ രണ്ടുപേർ ശാന്തകുമാരിയുടെ വീട്ടിലെത്തിയത്. ഇല വെട്ടാൻ പിച്ചാത്തി എടുത്തുനൽകാനായി വീടിനുള്ളിലേക്കു കയറിയ ശാന്തകുമാരിയുടെ പിന്നാലെ ചെന്ന ഇരുവരും കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് വൃദ്ധയെ പിടികൂടി കൈകൾ ബന്ധിക്കുകയും തോർത്തുപയോഗിച്ച് വായ മൂടിക്കെട്ടുകയും ചെയ്തു. മൂന്നു വളകൾ, കമ്മൽ, മോതിരം എന്നിവ ഉൾപ്പെടെയുള്ള നാലു പവൻ സ്വർണാഭരണങ്ങൾ ഊരി വാങ്ങി. തുടർന്ന് അലമാരയുടെ താക്കോൽ കൈക്കലാക്കി അതിൽ നൂക്ഷിച്ചിരുന്ന 8,000 രൂപയും കവർന്നു. തന്നെ ഉപദ്രവിക്കരുതെന്നു ശാന്തകുമാരി മോഷ്ടാക്കളോട് അപേക്ഷിച്ചതിനേത്തുടർന്ന് കെട്ടഴിച്ചു വിടുകയായിരുന്നു. പന്തളം സി.ഐ എസ്. ശ്രീകുമാർ ,എസ് .ഐ മാരായ ശ്രീജിത്ത്, സി.കെ.വേണു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. 15 ഓളം പേരെ ചോദ്യം ചെയ്തിരുന്നു.