കോഴഞ്ചേരി : കോയിപ്രം പഞ്ചായത്ത് രണ്ടാം വാർഡിലെ മാവുട്ടും പാറ റോഡിന്റെ ദുർഗതിയ്ക്ക് അറുതിയാകുന്നു. റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചതായി അംഗം ജിജി മാത്യു അറിയിച്ചു. ഐരാക്കാവിൽ തുടങ്ങി മാവുട്ടും പാറയിൽ അവസാനിക്കുന്ന റോഡിന്റെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി റോഡ് തകർച്ചയിലായിരുന്നു. റോഡിന്റെ ഇരുവശവും ഐറീഷ് ഓടയും നിർമ്മിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ജില്ലാപഞ്ചായത്ത് തുക അനു വദിച്ചെങ്കിലും പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് ജില്ലാ പഞ്ചായത്തിന് വിട്ടു കിട്ടാനുണ്ടായ കാലതാമസമാണ് ടെൻഡർ നടപടികൾ വൈകാൻ കാരണമായത്. നാട്ടുകാരുടെയും , ഐരാക്കാവ് റസിഡന്റ്സ് അസോസിയേഷന്റെയും പ്രതിഷേധത്തെ തുടർന്നാണ് റോഡ് ജില്ലാ പഞ്ചായത്തിന് കൈമാറിയത്. റോഡിന്റെ തകർച്ച സംബന്ധിച്ച് കേരള കൗമുദിയും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.