അടൂർ : ദീർഘദൂര സർവീസുകൾക്ക് സ്പെയർ ബസ് ഇല്ലാത്ത സാഹചര്യം നിലനിൽക്കെ അടൂർ ഡിപ്പോയിൽ നിന്ന് വീണ്ടും സൂപ്പർഫാസ്റ്റ് ബസ് കടത്തിക്കൊണ്ടുപോകാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. രണ്ടാഴ്ച മുമ്പാണ് ചെങ്ങന്നൂരിൽ നിന്ന് പൈതൽമലയിലേക്ക് സർവീസ് ആരംഭിക്കുന്നതിനായി രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ ഇവിടെനിന്ന് കൊണ്ടുപോയത്. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു ആർ. പി. കെ.83 സീരിസിലുള്ള സൂപ്പർഫാസ്റ്റ് കരുനാഗപ്പള്ളി ഡിപ്പോയ്ക്ക് നൽകാൻ കഴിഞ്ഞ ദിവസം ഉത്തരവായത്. ഡിപ്പോയിൽ ആകെ എട്ട് സൂപ്പർഫാസ്റ്റ് ബസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം സ്പെയർ ബസായിരുന്നു. സുൽത്താൻബത്തേരി, ഉദയഗിരി സർവീസുകൾക്ക് രണ്ട് വീതവും കോഴിക്കോട്, എറണാകുളം, ഗുരുവായൂർ റൂട്ടുകൾക്ക് മൂന്ന് ബസുകളും ഉൾപ്പെടെ ഏഴ് ബസുകൾ. നിലവിൽ സുൽത്താൻബത്തേരി, ഉദയഗിരി സർവീസുകൾ മാത്രമാണ് പുനരാരംഭിച്ചത്. മറ്റ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ പുനരാരംഭിക്കണമെന്ന് യാത്രക്കാർ നിരന്തരം ആശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമില്ല. ഇതിനിടയിലാണ് ഉണ്ടായിരുന്ന ബസുകൾ കൂടി മറ്റ് ഡിപ്പോകൾക്ക് കൈമാറുന്നത്. കാലപ്പഴക്കം ചെന്നതിനെ തുടർന്ന് സ്പെയർ സൂപ്പർഫാസ്റ്റ് ബസ് ഒാർഡിനറിയാക്കി മാറ്റി. ഇതോടെ സൂപ്പർഫാസ്റ്റ് ബസുകളുടെ എണ്ണംഏഴായും രണ്ട് ബസുകൾ ചെങ്ങന്നൂർ ഡിപ്പോയ്ക്ക് കൈമാറിയതോടെ വീണ്ടുംഅഞ്ചായും കുറഞ്ഞു. ഇതിൽ ഒരെണ്ണമാണ് കരുനാഗപ്പള്ളി ഡിപ്പോയ്ക്ക് നൽകാൻ ഉത്തരവായിരിക്കുന്നത്. അങ്ങനെ വന്നാൽ സൂപ്പർ ഫാസ്റ്റ് സർവീസിന് സ്പെയർ ഇല്ലാത്ത അവസ്ഥ സംജാതമാകും. നിലവിൽ ഒാടിക്കൊണ്ടിരിക്കുന്ന ഉദയഗിരി, സുൽത്താൻബത്തേരി ബസുകളിൽ ഏതെങ്കിലും ഒരെണ്ണം തകരാറിലായാൽ സർവീസും മുടങ്ങും.

----------------

അടൂർ ഡിപ്പോയുടെ വികസനത്തിൽ എ. ടി. ഒ യ്ക്ക് യാതൊരു താൽപ്പര്യവുമില്ല. തട്ടിക്കൂട്ടി എങ്ങനെയും കാര്യങ്ങൾ നടത്തികൊണ്ടുപോവുക എന്നതാണ് ശൈലി. കൊവിഡിനെ തുടർന്ന് നിറുത്തിവെച്ച എറണാകുളം, കോഴിക്കോട്, ഗുരുവായൂർ സർവീസുകൾ ഒരുദിവസമെങ്കിലും സർവീസ് നടത്തി വരുമാനം എങ്ങനെയുണ്ടെന്ന് പരീക്ഷിക്കാൻ പോലും തയ്യാറാകാത്തതാണ് ഡിപ്പോ നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

ജെയ്സൺ ജെ. ജോഷ്വ,

അഡ്മിൻ,

അടൂർ കെ. എസ്. ആർ. ടി. സി ആനവണ്ടി സ്നേഹി ബ്ളോഗ്.

------------------------

മറ്റ് ഡിപ്പോകളിലെ ബസുകൾ പിൻവലിച്ചപ്പോൾ ബന്ധപ്പെട്ട എം. എൽ. എ മാർ ശക്തമായ നിലപാട് സ്വീകരിച്ച് ബസുകൾ നിലനിറുത്തിയപ്പോൾ അടൂരിലെ എം. എൽ. എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കാട്ടുന്ന അനാസ്ഥയാണ് നിറുത്തിയ സർവീസുകൾ പുനരാരംഭിക്കുന്നതിലും ബസുകൾ മറ്റ് ഡിപ്പോകൾക്ക് കൈമാറുന്നതിനും ഇടയാക്കുന്നത്. വരും ദിവസങ്ങളിൽ ഇതിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകും.

അഡ്വ. ബിജു വർഗീസ്,

ഡി. സി. സി ജനറൽ സെക്രട്ടറി.