കോഴഞ്ചേരി : തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകി. 26 ന് രാവിലെ 11ന് അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ച നടക്കും.

ഭരിക്കാൻ ഇരു മുന്നണികൾക്കും ഭൂരിപക്ഷമില്ലാതിരുന്നതിനെ തുടർന്ന് സ്വതന്ത്രനായി വിജയിച്ച സി.എസ്.ബിനോയി ഇവിടെ പ്രസിഡന്റാവുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 30 ന് ക്വോറം തികയാതിരുന്നതുമൂലം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. തുടർന്ന് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ അടുത്ത ദിവസം ബിനോയിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. മറ്റൊരു സ്വതന്ത്രയായ ഷെറിൻ എൽ.ഡി.എഫ് പിന്തുണയോടെ വൈസ് പ്രസിഡന്റുമായി.

സ്ഥിരം സമിതി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് രണ്ടും യു.ഡി.എഫിന് ഒരു സീറ്റും ലഭിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൂടെനിറുത്തി ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.

എൽ.ഡി.എഫ് - 5, യു.ഡി.എഫ് - 3, ബി.ജെ.പി - 3, സ്വതന്ത്രർ - 2 എന്നിങ്ങനെയാണ് കക്ഷിനില.

6 മാസം പിന്നിട്ട പഞ്ചായത്ത് ഭരണം പരാജയമാണെന്നും കൊവിഡ് കാല പ്രതിസന്ധിയിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെന്നും ആരോപിച്ചാണ് എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവരുന്നത്.