അടൂർ : ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ച കുട്ടികളുടെ പ്രത്യേക പരിചരണവിഭാഗത്തിന്റെ ഉദ്ഘാടനം 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷതവഹിക്കും. അടൂർ ജനറൽ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥി ആയിരിക്കും. നഗരസഭാ ചെയർമാൻ ഡി. സജി, വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, ഡി. എം. ഒ ഡോ. എ. എൽ. ഷീജ, എൻ. എച്ച്. എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നന്ദിനി സി. എസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുഭഗൻ എന്നിവർ പങ്കെടുക്കും. ജില്ലയിലെ ഏക നവജാതശിശു പരിചരണ യൂണിറ്റാണ് അടൂരിൽ ആരംഭിക്കുന്നത്. നവജാത ശിശുക്കളിലെ രക്തത്തിലെ അണുബാധ, ജനിക്കുമ്പോൾ ഭാരക്കുറവുള്ള കുട്ടികളുടെ പരിചരണം, നവജാത ശിശുക്കളിലെ രക്തംമാറ്റൽ, ശിശുക്കളിൽ അധികമായി കാണുന്ന മഞ്ഞനിറം, ഡയബറ്റീസ് രോഗബാധിതരായ അമ്മമാരുടെ നവജാത ശിശുക്കളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ, ജനിച്ച ഉടൻ കരയാത്ത കുഞ്ഞുങ്ങളുടെ പരിചരണം തുടങ്ങി വിദഗ്ദ്ധചികിത്സ ഇൗ യൂണിറ്റ് വഴി ലഭ്യമാകും. പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാഫുകളെയാണ് യൂണിറ്റിൽ നിയമിച്ചിട്ടുള്ളതെന്ന് നഗരസഭാ ചെയർമാൻ ഡി. സജി അറിയിച്ചു.