പത്തനംതിട്ട: ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ ദമ്പതികളായ ഷൈജുവിന്റെയും മായയുടെയും ദുരൂഹ മരണം അന്വേഷിക്കണമെന്ന് ഷൈജുവിന്റെ പിതാവ് സജിയും സഹോദരി കുമാരിയും ദ്രാവിഡ വർഗ െഎക്യമുന്നണി, നാഷണൽ ഡെമോക്രാറ്റിക് മൂവ്മെന്റ് എന്നീ സംഘടനകളും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2020 ആഗസ്റ്റ് 16ന് ഷൈജുവിനെ കുടിലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ദേഹമാസകലം മർദ്ദനമേറ്റ അടയാളങ്ങളുമായും കാലിൽ നിന്ന് ചോര വാർന്ന നിലയിലുമാണ് ഷൈജുവിനെ കണ്ടത്. ഇത് കൊലപാതകമാണെന്ന് ഭാര്യ മായയും ബന്ധുക്കളും പെരുനാട് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. ഷൈജുവിനെ ക്രൂരമായി മർദ്ദിക്കുന്നതിന് ദൃക് സാക്ഷികളുണ്ടായിരുന്നു. മൂഴിയാർ സ്വദേശിയായ ഷാജിയെന്നയാൾ മായയെ ഭാര്യയാക്കണമെന്ന ഉദ്ദേശത്തോടെ ഷൈജുവും മായയും താമസിക്കുന്ന ഷെഡിൽ എത്തി വഴക്കുണ്ടാക്കുമായിരുന്നു. ഷൈജുവും മായയും എതിർത്തതിനെ തുടർന്ന് ഷാജി ഗുണ്ടകളുമായി വന്ന് ഉപദ്രവിക്കുക പതിവായിരുന്നു. മർദ്ദനമേറ്റ് അവശയായിക്കിടന്ന മായയെ മാതാവ് അവരുടെ കുടിലിലേക്ക് കൊണ്ടുപോയി. ഷൈജുവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാൽമുട്ടിലും തുടയിലും ചെവിയിലും കഴുത്തിലും മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഷൈജു മരിച്ച് മൂന്നു മാസത്തിനുള്ളിൽ മായയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
റാന്നി ഡിവൈ. എസ്.പി മൊഴിയെടുക്കുക മാത്രമാണ് ചെയ്തത്. എതിർ കക്ഷികൾ ആദിവാസികളായതിനാൽ കേസ് എടുക്കാനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. ഷൈജുവിന്റെയും മായയുടെയും മരണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
വാർത്താസമ്മളനത്തിൽ ദ്രാവിഡ വർഗ െഎക്യമുന്നണി ചെയർമാൻ രാജ് മോഹൻ തമ്പുരാൻ, നാഷണൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ജില്ലാ സെക്രട്ടറി എം.ജി.മനോഹരൻ, സുശീല ഗംഗാധരൻ, ചെങ്ങറ കുട്ടപ്പൻ, പ്രഭശ്രീ രാജ എന്നിവരും പങ്കെടുത്തു.